
നീയൊരു ദീപാവലിയായിരുന്നു.
ഈ പൂത്തിരിയില്‍ നക്ഷത്രങ്ങളായി
ഈ കുയില്‍പ്പടക്കത്തില്‍
വെടിയൊച്ചയായ്
ആകാശത്ത് നിറഞ്ഞുപെയ്ത
എല്ലാ നിറങ്ങളിലും
എനിക്കു വെളിച്ചമായിരുന്നു.
നിന്റെ ഓര്മ
ഏറുപടക്കം പോലെ
എന്നെ എടുക്കുന്നു.
പൊള്ളലോടെ ചിതറിയ
ചരലുകളൊന്നുപോലും
ജീവിതമേ നിന്നിലെത്തുന്നില്ലല്ലോ....
ഞരമ്പില്‍ മുളച്ച പ്രാണന്റെ
വൈകാശി നിലാവേ
നെഞ്ചില്‍ നിന്നും
പ്രണയത്തിന്റെ വെടിയുണ്ടകള്‍
നീ തന്നെ കൊത്തിയെടുക്കുമോ?
നീ ചുണ്ടിറക്കും മുമ്പ്
ഞാന്‍ പഴുത്തുപൂത്ത നഗരമാകും
ഞാന്‍ നിന്നില്‍
മറവിയുടെ ദീപാവലി കത്തിക്കാന്‍
ആകാശത്തോളം ചെന്ന്
ഭൂമിയിലേക്ക് വീഴുന്ന
വലിയ പടക്കങ്ങള്‍ മാത്രം
ഉണക്കിവെക്കുന്നു.