Friday, July 20, 2007

കലാപകാലത്തെ വെയില്‍

കലാപകാലത്തെ വെയില്‍
ഫയറിംഗ് സ്കാഡിനു മുമ്പില്‍
മുട്ടുകുത്തി നില്‍ക്കേണ്ട
അപരിചിതമായ ഭൂപ്രദേശത്തിന്റെ
മഴ വിരിയ്ക്കും.

കൂട്ടക്കൊലയുടെ താപം കുടഞ്ഞ
ഗോതമ്പുതണ്ടുകളെ വിസ്മയിച്ച്
വീടുകളില്‍ നിന്ന്
വീടുകളിലേക്കു പോകും.
മാറിടം കീറിയ പെണ്‍കുട്ടികളുടെ
ചോരയുണങ്ങാത്ത തലമുടിയിലൂടെ
വേദനയോടെ പറന്നുപാറും.

ചെവി തീക്കൊളുത്തിയ കരച്ചിലിലേക്ക്
നിവര്‍ത്തിവെയ്ക്കും.
കൂര്‍പ്പിച്ച അതിന്റെ കണ്ണുകളില്‍
ഇരുട്ട് പൊടിക്കൂനകളായ് വീശുംവരെ

ഉറുമ്പരിച്ച റൊട്ടിക്കുളള വരിയിലെ
ഏകാന്തത വിഴുങ്ങുന്നവരിലെ
തീയണയാത്ത ഓര്‍മയെ
ആകാശത്തോളം ഊതിക്കത്തിക്കും.

പിതാമഹന്‍

പുഴുത്ത ഓറഞ്ചല്ലികളെപ്പോലെ
വലിച്ചെറിയുന്ന
മരിച്ചവന്റെ ഓര്മയാണ്‍ ഈ ശ്മശാനം.

നീ മഴയത്തിരുന്ന് പാടിയ പാട്ടില്‍
ഒഴുകിച്ചിതറുന്ന വ്രണിതഭാഷ
ചുടലയില്‍ കുരുത്ത കട്ടിയിരുട്ട്
പുകയുടുത്ത കണ്ണുകളില്‍
കൂട്ടിവെച്ച കടലുകളില്‍
എപ്പോഴും മുങ്ങുന്ന വെയിലായി…

അതിരാവിലെ
നായ മണത്തുനിന്ന
ചാക്കുകെട്ടിനുള്ളിലെ
വാള്‍മുന വരയിട്ട മുഖം
കൂട്ടുകാരന്റെതെന്ന്
കണ്ടു ഞെട്ടുമ്പോള്‍…

അപ്പോഴും മഴക്കാറ്റ്

ശവഗന്ധമുളള നിലാവ്
വെളുത്ത തലയോട്ടിക്കരികില്‍
നീ ഒരു രാത്രി പാറാവ് നില്‍ക്കുന്നു
അപരിചിതമായ കരച്ചിലിന്റെ
എത്ര പടുമരങ്ങളെ
സ്വപ്നം പരക്കാത്ത കണ്ണില്‍ വഹിക്കും?

തീര്‍ന്നുപോകുന്ന ഈ വേനല്‍ക്കാലത്തുതന്നെ
എനിക്കുമെന്റെ ശരീരം
മണല് പോലെ
വാ‍രിയെറിയണം.

പിതാമഹന്‍ എന്ന തമിഴ് സിനിമയെ ഓര്‍മിക്കുന്നു.

അപരിചിത നിശബ്ദതകളുടെ ഒരു പകലില്‍


ഒറ്റയ്ക്കിരിക്കുമ്പോള്‍
പടിയിറങ്ങേണ്ട മണ്ണില്‍
ആളലടങ്ങുന്ന
വെയിലിനെ കാണും.

ഉച്ചയുറക്കത്തില്‍
വീടിനകത്തു കൂടെ
കടന്നുപോയ തീവണ്ടിയുടെ
പുകയില്‍
കണ്ണുവേദനിയ്ക്കും.
പകല്‍ നേരങ്ങളിലും
നനഞ്ഞ് കോതുന്ന ഇരുട്ടില്‍
ഭയന്നൊലിക്കും.

അപസ്മാരമുളളപ്പോള്‍
അമ്മ കൈയില്‍ വെചുതരുന്ന
താക്കോല്‍ കൊണ്ട് മേശ തുറക്കും
പഴയ പുസ്തകങ്ങളില്‍
പെന്‍സില്‍ മുനകൊണ്ട് കിടത്തിയ
തീവണ്ടികളാല്‍
അരഞ്ഞുപോകും.
സ്കൂളിലേക്ക് കൂടെപ്പോയിരുന്ന
ചേച്ചിയുടെ കല്യാണത്തലേന്ന്
ഇലപ്പച്ചകള്‍ കൊണ്ട് എഴുതിയിട്ട നന്മകള്‍
വീണ്ടും വായിക്കും.

പടിഞ്ഞാറെ അതിരില്‍ നിന്ന്
മധുരമുളള മാമ്പഴം
അയല്‍മുറ്റത്തേക്ക് പറന്നുവീഴും

ഒറ്റയ്ക്കിരിക്കുമ്പോള്‍
വീട്
യാത്രയൊരുങ്ങേണ്ട
തീയതി രേഖപ്പെടുത്തിയ
കറുത്ത കലണ്ടറാകും.

Tuesday, July 17, 2007

ടോര്‍ച്ച്ആട്ടിന്‍പാല്‍ വിറ്റ്
അമ്മ വാങ്ങിത്തന്നതിനെ
ഇരുട്ടുവഴികളിലെല്ലാം
കൂടെയെടുത്തു.

എത്ര മറന്നുനടന്നാലും
വീടിറങ്ങുമ്പോള്‍
അച്ചനുറങ്ങുന്ന മണ്ണിലേക്ക്
എത്തിയിട്ടുണ്ടാകും വെളിച്ചം.

പാമ്പുകള്‍ ഇലയനക്കുമ്പോള്‍
കാണിച്ചുതരാനാണ് തിടുക്കം

ചില്ലിന്റെ ഉള്ളില്‍ കിടന്ന്
കൊഴിയാ‍കാ‍നാകാത്തതിന്റെ വേദന
വാടക കൊടുക്കാനാവാത്ത
വീടിന്റെ കണ്ണീരുപോ‍ലെ
ഭൂമിക്കുമേല്‍ വിരിക്കും

തളര്‍ന്നു കണ്ണടക്കും മുമ്പ്
ഇഴഞ്ഞുപോയതിന്റെ
കാട്ടുവഴികളിലേക്ക്
വെളിച്ചം ഒഴുക്കിയതിന്റെ
പകപ്പില്‍
രാത്രി മുഴുവന്‍
തണുക്കുമായിരിക്കും
അത്.

Saturday, July 14, 2007

പകല്‍ ഇരുട്ടുകൊണ്ട് കൈയൊപ്പിടുന്നു


കലാപത്തില്‍ മക്കള്‍ മരിച്ചുപോയ
ഒരമ്മയുടെ പകല്‍
എങ്ങനെയായിരിക്കും?

മകന്റെ വെട്ടിമാറ്റപ്പെട്ട കൈകള്‍
വെയിലിറ്റുവീഴുന്ന കൊടുങ്കാറ്റായി
കണ്ണീരൊപ്പണേ എന്ന്
പ്രാര്‍ത്ഥിക്കുമായിരിക്കും.

ആകാശത്തിന്റെ മുഴിഞ്ഞ മുഖത്ത്
പായയില്‍ പൊതിഞ്ഞ ശവം പോലെ
വിറങ്ങലിച്ച്
മേഘള്‍ തുള്ളിമായും.

ചേറുന്നതിനിടയില്‍
നനഞ്ഞുപോയ ധാന്യയ്ങ്ങളിലേക്ക്
സ്വപ്നത്തിന്റെ ഇരുട്ടക്ഷരങ്ങള്‍
ചതഞ്ഞുപറ്റുമായിരിക്കും.

അടുപ്പില്‍
ചകിരികൂട്ടി പുകയ്കുമ്പോള്‍
കത്തുന്ന നഗരത്തിനകത്ത്
ഓടിത്തളര്‍ന്നു വീണ
മകനെയോ‍ര്‍ത്ത് കിതച്ചുപോകും.

കൊല്ലാന്‍ വരാത്ത വെടിയുണ്ടയെ കാത്ത്
എല്ലാ പകലുകളേയും രാത്രിയിലേക്ക്
കമിഴ്ത്തിവെയ്ക്കുമായിരിക്കും.

ജീപ്പ്പണിയില്ലാത്ത ദിവസം
വഴിയോരത്ത്
ജീപ്പ് കഴുകാന്‍ പോയി

നെഞ്ചിനുതാഴെ ചതഞ്ഞരഞ്ഞുപോയ
പെണ്‍കുട്ടിയുടെ ഓര്‍മ
അതിന്റെ ഇനാമലില്‍ നിന്ന്
തുടച്ചുമാറ്റാനാവാതെ കുഴങ്ങി
അവളുടെ അവസാനത്തെ മൂത്രത്തുള്ളിയായ്
മഴ….

കാപ്പിക്കാടുകളുള്ള ഒരു കുന്നോരത്തൂടെ
കടന്നുപോകുമ്പോള്‍
മുള്‍വേലികളുള്ള ഒരു ചെറിയ വീട്
ജീപ്പിലിരുന്ന്
അവളും കണ്ടിട്ടുണ്ടാകും.

പണിതീരാത്ത കിണറിലേക്ക്
ടോര്‍ച്ചടിക്കുന്ന വെയിലിനെ
അതിനെ കടന്നുകൊണ്ടേയിരിക്കുന്ന
രാത്രികളെ

വിശക്കുമ്പോള്‍
കൂടപ്പിറപ്പിനെ
അമ്മ എടുത്തെറിഞ്ഞ
ആ കിണറിനെ
നിങ്ങളിലാരെങ്കിലും
ഈ ജീപ്പിലിരുന്ന് കണ്ടിട്ടുണ്ടോ?

Friday, July 13, 2007

പൂച്ചക്കുട്ടിയും ഞാനും


ഒരു നാള്‍
ഞാനും ഒരു പൂച്ചക്കുട്ടിയെ
പ്രണയിക്കാന്‍ തുടങ്ങി.
ഒ.വി. വിജയന്റെ പൂച്ചയെപ്പോലെ
അവള്‍ എന്റെ എഴുത്തുമേശക്കരികില്‍
ഇരിക്കാറില്ല.
പകരം
എന്റെ ഹൃദയത്തിലൊരു ഇരിപ്പിടം
ഞനവള്‍ക്കു പകുത്തുനല്‍കി
ഒരിക്കല്‍
കെമിസ്ട്രി ലാബില്‍ വെച്ച്
അവളെനിക്ക് പ്രണയത്തോടെ സമ്മാനിച്ചത്
ഒരു നീല ലിറ്റ്മസ് തുണ്ട്.
ഒരിക്കല്‍ സുവോളജി ലാബില്‍
ഡിസക്ഷന്‍ ടേബിളിലെ
തവളയുടെ ഹ്രിദയമിടിപ്പ് കണ്ട്
അവള്‍ ബോധരഹിതയായി.
പലപ്പോഴും നിരാശയോടെ
എന്റെ കാല്‍ക്കീഴില്‍ കുറുകി കുറുകി
അവള്‍ തന്റെ ദാര്‍ശനിക വ്യഥ എന്നെ അറിയിക്കുമായിരുന്നു.
ഒരുനാള്‍ റെക്കാര്‍ഡ് ബുക്കില്‍
മരണക്കുറിപ്പെഴുതി വെച്ച്
നൂറ്റിപ്പതിനാലാം ലെവല്‍ ക്രോസ്സില്‍
അവള്‍ ഉറങ്ങിത്തുടങ്ങി.
ഞാനിപ്പോള്‍
തെരുവുതോറും അലയുന്ന
ഭ്രാന്തന്‍ പൂച്ച.
ഒരു നാള്‍ …ഒരു നാള്‍
എന്നു തുടങ്ങുന്ന കതയുമായി
ഞാനും
എന്റെ പൂച്ചക്കുട്ടിയുടെ
ഓര്‍മകളും.

മിന്നലേ


എന്റെ നഗരം
സ്വപ്നത്തിന്റെ കൂട്ടക്കൊലകളാല്‍
ചുട്ടുപഴുത്ത ഇരുമ്പാണ്
കടന്നു വരുമ്പോള്‍
നീ അപായപ്പെടുന്നതിനെപ്പറ്റി
നിശ്ശബ്ദം ചിന്തിച്ചിരിക്കും.

പ്രണയത്തിനും മുറിവിനുമിടയിലെ
ചുവരെഴുതുകള്‍
തെരുവുകളില്‍ ഇങ്ങിനെ പറയും:
വിഷാദത്തിന്റെ പകര്‍ച്ചവ്യാധികള്‍
അടച്ചുവെച്ചിരിക്കുന്നത് ഇവിടെയാണ്‍.

ബഹിരാ‍കാശത്ത് മിന്നിമറയുന്ന
നക്ഷത്രങ്ങളുടെ തണുപ്പ് കൊണ്ട്
നിന്നെ എന്നിലേക്ക് ഒട്ടിച്ചുവെയ്ക്കും.
പൊട്ടിപ്പുറത്തു വരുന്ന
വിരഹതിന്റെ വെളുത്തയിലയില്‍
നീയെന്റെ പേരെഴുതും.

രാപ്പാര്‍ക്കാന്‍ കഴിയാത്ത
ജലസത്രത്തിന്റെ കുപ്പിച്ചില്ലാണ്‍
ജീവിതം

മിന്നലേ
നീ വെറും പ്രകാശമായിരിക്കുന്നു.
ഇനി എന്നെ വൈദ്യുതീകരിക്കാന്‍
എനിക്കേ കഴിയൂ
അതല്ലെങ്കില്‍
ഈ റേസര്‍ ബ്ലേഡിന‍
കഴിയുമായിരിക്കും.

ഗ്രീറ്റിംഗ് കാര്‍ഡ്


പ്രസവത്തിനു ശേഷം
ഭ്രാന്തിയായ പെണ്‍കുട്ടി
അയച്ചുതന്ന കാര്‍ഡില്‍ കാണാം

ആകാശത്ത് ഞാന്നുകിടക്കുന്ന
വീട്
മാലിന്യങ്ങളാല്‍ തുന്നിച്ചേര്‍ത്ത
ഒരില

ഒരരികില്‍
തീവണ്ടിപ്പാതയിലേക്ക് ചാഞ്ഞു കിടക്കുന്ന
ചായമിടാതെ വരച്ച മരം
അവളുടെ അച്ചനാണെന്നേ തോന്നൂ

വേട്ടയ്ക്കിടയില്‍ കൂട്ടം തെറ്റിയ
പക്ഷിയുടെ ചുണ്ടുകള്‍
കൊത്തിത്തരുമായിരിക്കും
മരണത്തിന്റെ ഒരു
Silent profile

ആശുപത്രിയില്‍
കിടന്നിടത്തു തന്നെ കിടന്ന്
നിശ്ശബ്ദം അവളുറ്റു നോക്കുന്ന
പിറന്ന കുഞ്ഞിന്റെ മുഖം
അതില്‍ കാണുമായിരിക്കും

ഇതെല്ലാം ഒരു കവറിലിട്ട്
പോസ്റ്റ് ചെയ്യാന്‍
എന്ത് പ്രയാസപ്പെട്ടിരിക്കും.

ഞാനിതിനു മറുപടി അയക്കുമ്പോഴേക്കും
എനിക്കുവേണ്ടി ആരെങ്കിലും
ഇഷ്ടമില്ലാത്ത ഗ്രീറ്റിംഗ് കാര്‍ഡ് പോലെ

അവളെ കീറിക്കളയുമായിരിക്കും

പച്ചശലഭങ്ങളെ സ്വപ്നം കണ്ട മണിമേഖലയോട്


നമ്മുടെ ഹിമകാനനങ്ങളില്‍
തീജലത്തിന്റെ കലാപബാധിതമായ
നിറങ്ങളിറ്റിച്ച്
നീ പൊടുന്നെനെ
നിശബ്ദയാകുന്നു.

നരകപ്പച്ചകള്‍ രേഖിതമായ
ജലരഹിത സമുദ്രത്തിലേക്ക്
കപ്പല്‍പറവയായ്
പറന്നുപോകുന്ന കാലം

തമിഴിന്റെ മുന്തിരിത്തണുപ്പുളള
നിന്നിലാകെ വിരലുകളോടിക്കുമ്പോള്‍
എന്റെ കൈപ്പത്തിയിലെ രേഖകളില്‍
വേലിയേറ്റത്തില്‍ മരിച്ചുപോയ മീനിന്റെ
ആഗ്രഹങ്ങള്‍ നിറഞ്ഞ ജലാശയങ്ങള്‍
നീ കാണേണ്ടിയിരുന്നു.

നമ്മുടെ പ്രണയം
വേദനയാല്‍ കീഴടങ്ങിയ ഗോത്രത്തിന്റെ
അരക്ഷിതമായ എല്ലാ കറുപ്പുകളും
ഉള്‍കൊള്ളുന്നു

നീ ലക്ഷ്യപ്രാപ്തിയുടെ കനത്തകാറ്റാകയാല്‍
ഞാന്‍ അലഞ്ഞു പാറിയ
ജീവിതത്തിന്റെ പഞ്ഞിത്തുണ്ടില്‍
എത്രയും നിസ്സാരമായ സ്നേഹം കൊണ്ട്
എന്നെ നീ നനച്ചു കൊല്ലുക.

Tuesday, July 10, 2007

ആയുധ എഴുത്ത്


വിമാനങ്ങള്‍ താഴ്ന്നു പറക്കുന്ന രാത്രിയില്‍
‍ആദ്യം എഴുതിയത് നിനക്കായിരുന്നു

അമ്മയാണാദ്യം
പൊട്ടിത്തെറിച്ച ഷെല്ലുകള്‍ക്കിടയില്‍ നിന്ന്
ആകാശത്തെ
അതിന്റെ
വെടിമരുന്നു മണത്തെ
കണ്ണുകളില്‍ ചേര്‍ത്തു മരിച്ചത് .
അനിയത്തി
ഫിലമെന്റു പോലെ

ചുട്ടു പഴുത്ത്ചിന്നിച്ചിതറിയ ശരീരത്തില്‍
ജീവിതമായി എരിയുക മാത്രം ചെയ്തു

ഇരയെ കൊല്ലേണ്ട വിധം
കെണിയുടെ കടലുകളെ വരയേണ്ട വിധം
എല്ലാം കൂട്ടുകാരന്‍ എഴുതുമായിരുന്നു
അവന്‍യുദ്ധവണ്ടിക്കരികില്‍
കശാപ്പു ചെയ്യപ്പെട്ടിരിക്കും.

ഓരോ ആയുധങ്ങള്‍ക്കും
മരിച്ചു പോയവര്‍
നീല ഇന്‍ലന്റില്‍ എഴുതുന്നസങ്കടങ്ങളാണ്
യുദ്ധകാലത്തെ പെരുമഴകളെന്ന്നീയാണെന്നോട് പറഞ്ഞത്
ആയുധങ്ങള്‍ നിശ്ശബ്ദമാകുന്ന ഒരു ദിനം
എന്റെ വരികളില്‍
‍തളിര്‍ത്തുപൊട്ടുമായിരിക്കും
നിന്റെ ചോരയുടെ നനവ്
മുറിവേറ്റ മുയല്‍ക്കുഞ്ഞുങ്ങളുടെ അധൈര്യം.
വഴികളുടെ സിംഫണി കേള്‍ക്കാത്ത
ഒറ്റഷൂസുകളെപ്പോലെ
അതിര്‍ത്തിയുടെ മണല്‍പ്പാടങ്ങളില്‍നമ്മുടെ പ്രണയം.