
പക്ഷികളുടെ ചാര്‍ട്ട്
സ്കൂളിലേക്ക് കൊണ്ടുപോയ
സന്തോഷത്തിലായിരുന്നു.
അവള്
സ്കൂളില്‍ മരങ്ങളേ ഇല്ലായിരുന്നു
പക്ഷികളും...
ഇല്ലാത്ത മരങ്ങളെ അകലെനിന്നു നോക്കി
മരങ്ങളുള്ള വീടിനരികില്‍
ഇന്റര്‍ ബെല്ലിന് പോയി
നെല്ലിമരത്തിനരികില്‍
കണ് മിഴിച്ച്
ഒരു വെളുത്ത പൂച്ച.
വീട്ടുകാരനോട്
വെള്ളം ചോദിച്ചു.
‘നെല്ലിക്ക വേണോ?’
വായില്‍ പരന്ന
വെള്ളമായിരുന്നു
മറുപടി.
അയാള്‍ കൈപിടിച്ചപ്പോള്‍
അവള് കരയാതെ നിര്‍ത്തിയ
വിങ്ങലായിരുന്നു എങ്ങും...
ചാക്കു കട്ടിലില്‍ ശ്വാസമില്ലാതെ
കിടന്നപ്പോള്‍
അവള്‍ക്ക് ചിറകു വന്നു.
സ്കൂളിലേക്ക് പറന്നു
പേടിച്ച് പോളന് പൊങ്ങാതിരിക്കാന്‍
കാവിലേക്ക് നേര്ച്ചയിടണം
ദുഷ്ടന് കയ്യില്‍ വെച്ചുതന്ന
ഈ പത്തുരൂപ...