Sunday, December 14, 2008

വരിവരിയായി നടന്നുപോയ...


പെരുമണ്ണ് ശ്രീ നാരായണ വിലാസം സ്കൂള്‍ ഷുക്കൂര്‍ പെടയങ്ങോട് എന്ന കവിയുടെ വീട്ടിലേക്കുളള ബസ്സ് സ്റ്റോപ്പിന്റെ അടയാ‍ളമായിരുന്നു എനിക്ക്. പല തവണ പോയി അപരിചിതത്വം നഷ്ടപ്പെട്ട ഒരു മണ്ണിനോടുളള അടുപ്പം എനിക്ക് ആ സ്കൂളിനോടും പരിസരത്തോടുമുണ്ടായിരുന്നു. പെരുമണ്ണില്‍ ഒമ്പത് കുട്ടികള്‍ വാനിനടിയില്‍ പെട്ട് ചതഞ്ഞു മരിക്കുന്നതിന്റെ തലേനാള്‍ നിശ്ചയിച്ചുറപ്പിച്ചതായിരുന്നു പെരുമണ്ണിലേക്കുളള യാത്ര. രാത്രിയില്‍ വിറക്കുന്ന ശബ്ദത്തോടെ ഷുക്കൂര്‍ക്കയുടെ ഫോണ്‍ വന്നു. മൊബൈല്‍ ഫോണ്‍ എന്റെ കയ്യിലിരുന്ന് പൊള്ളി. വരിവരിയായി നടന്നു പോകുന്ന ഒമ്പതു കുട്ടികളുടെ ചിരികള്‍ രാത്രിയുറക്കത്തില്‍ എന്നെ ഉറുമ്പുകളെ പൊലെ പൊതിഞ്ഞു.
എന്റെ ആദ്യ കവിതാ പുസ്തകമായ ‘ട്രാഫിക് ഐലന്റ് ’ റോഡുമുറിച്ചു കടക്കുമ്പോള്‍ ചുവന്നു മാഞ്ഞവര്‍ക്കു വേണ്ടിയാണ് സമര്‍പ്പിച്ചിട്ടുളളത്. നെരീഷ്മയ്ക്കും. നെരീഷ്മ ഞാന്‍ നേരില്‍ കണ്ടിട്ടില്ലാത്ത പെണ്‍കുട്ടിയാണ്. എന്റെ കൂട്ടുകാരിയായ വൈഗയാണ് നെരീഷമയെ കുറിച്ചു പറഞ്ഞത്. കത്തുകളില്‍ ഞാന്‍ വൈഗയ്ക്കയച്ചു കൊടുത്തിരുന്നഎന്റെ കവിതകള്‍ ഹോസ്റ്റലില്‍ അവളുടെ റൂം മേറ്റ്സ് ആയിരുന്ന നെരീഷ്മ ആഹ്ലാദത്തോടെ വായിക്കുമായിരുന്നു. എന്റെ എഴുത്തിലെ ദുരന്തബോധമാണ് അവളെ ആകര്‍ഷിച്ചിരുന്നത്. നേരില്‍ കാണാതെ, ഫോണ്‍ വിളിയ്കാതെ കത്തുകളിലും കവിതകളിലും മാത്രം തുടര്‍ന്ന സൊഹൃദം അവസാനിക്കുന്നത് വൈഗയുടെ ഒരു ഫോണ്‍ വിളിയോടെയാണ്. തീയില്‍ വീണ ഐസുകഷ്ണം പൊലെ നനഞ്ഞ് പൊള്ളിയിരുന്നു അവളുടെ ശബ്ദം. റോഡു മുറിച്ചു കടക്കുമ്പോള്‍ ബസ്സുതട്ടി വീണ നെരീഷ്മയുടെ യൂനിഫോമിട്ട ശരീരം പെരുമഴ നനഞ്ഞ റോഡിലിട്ട് ഞാന്‍ ഓര്‍മയിലേക്ക് കൈമാറ്റം ചെയ്തു. കല്പറ്റ നാരായണന്റെ കവിതയിലെ പെണ്‍കുട്ടിയെപ്പോലെ ‘ചക്രത്തിനടിയില്‍ നിന്ന് പിടഞ്ഞെഴുനേറ്റ് എനിക്കൊന്നും പറ്റിയിട്ടില്ല എന്നവള്‍ വിളിച്ചു പറയുമെന്ന് നീക്കം ചെയ്യാനാവാത്ത ഓര്‍മ എന്നോടിപ്പോഴും പറഞ്ഞു പറ്റിക്കുന്നുണ്ട്. ട്രാഫിക് ഐലന്റിലെ കവിതകള്‍ ഏറെയും റോഡുമായി ,അപകട മരണത്തിന്റെ ചോരനനവുമായി അടുപ്പം പ്രഖ്യാപിക്കുന്നുണ്ട്.
പെരുമണ്ണിലെ സ്കൂള്‍ കുട്ടികളുടെ മരണ വാര്‍ത്ത കേട്ട നിമിഷം മുതല്‍ ആ കുഞ്ഞുങ്ങളുടെ ചോരയുണങ്ങും മുമ്പേ ആ മണ്ണിലേക്കു പോകാന്‍ ഞാന്‍ നിശ്ചയിച്ചുറപ്പിച്ചു. പതിനായിരക്കണക്കിന് ആളുകള്‍ക്കിടയിലൂടെ നടന്ന് കുഞ്ഞുങ്ങളുടെ മൃതശരീരങ്ങള്‍ക്കരികിലെത്തിയപ്പോള്‍ ഉറക്കെ കരഞ്ഞു പോകുമെന്നു തോന്നി. റോഡില്‍ ചിതറിക്കിടക്കുന്ന ചോര നനഞ്ഞ ചെരിപ്പുകള്‍…പുസ്തകക്കടലാസുകള്‍...തലമുടികള്‍... മരിച്ചുപോയ കുട്ടികളില്‍ ചിലര്‍ നന്നായി കവിതയെഴുതുമായിരുന്നുവെന്ന് പത്രത്തില്‍ പിന്നീട് വായിച്ചറിഞ്ഞു. “ഒരു ദിവസം ഞാന്‍ റോഡരികില്‍ കിടക്കുകയായിരുന്നു ” എന്ന് ‘പത്തുരൂപാ നോട്ട്’ എന്ന കുഞ്ഞുകഥയെഴുതിയ കുട്ടിയേതെന്ന് ഞാന്‍ തിരിച്ചറിഞ്ഞില്ലല്ലോ?
ജീവിതതിന്റെ എഴുതിത്തീരാത്ത വരികള്‍ കൈവിരലുകളിലുളള കുഞ്ഞുങ്ങള്‍ക്കിടയില്‍ നിന്ന് തിരിച്ച് ബസ്സ് കയറുമ്പോള്‍ ചോരനനഞ്ഞ ഒരു ഹെയറ്ബാന്റില്‍ മനസ്സു തട്ടി ഞാന്‍ റോഡുകളെ ഭയപ്പെടുവാന്‍ തുടങ്ങി.

6 comments:

ഹാരിസ് said...

എന്തു പറയാന്‍ ...?

umbachy said...

മനോജ്,
കണ്ണില്‍ നിന്ന് മൂന്നാലു മനം പിടപ്പുകള്‍
മടിയിലേക്ക് തുള്ളിയിട്ടു.
വേണ്ടായിരുന്നു ഈ എഴുത്ത് എന്നു പറയാമോ?
ഞാന്‍ വായിക്കാതിരുന്നാല്‍ മതിയായിരുന്നു.
വായിച്ചു പോയി.

പതിനായിരക്കണക്കിന് ആളുകള്‍ക്കിടയിലൂടെ നടന്ന് കുഞ്ഞുങ്ങളുടെ മൃതശരീരങ്ങള്‍ക്കരികിലെത്തിയപ്പോള്‍ ഉറക്കെ കരഞ്ഞു പോകുമെന്നു തോന്നി. റോഡില്‍ ചിതറിക്കിടക്കുന്ന ചോര നനഞ്ഞ ചെരിപ്പുകള്‍…പുസ്തകക്കടലാസുകള്‍...തലമുടികള്‍... മരിച്ചുപോയ കുട്ടികളില്‍ ചിലര്‍ നന്നായി കവിതയെഴുതുമായിരുന്നുവെന്ന് പത്രത്തില്‍ പിന്നീട് വായിച്ചറിഞ്ഞു. “ഒരു ദിവസം ഞാന്‍ റോഡരികില്‍ കിടക്കുകയായിരുന്നു ” എന്ന് ‘പത്തുരൂപാ നോട്ട്’ എന്ന കുഞ്ഞുകഥയെഴുതിയ കുട്ടിയേതെന്ന് ഞാന്‍ തിരിച്ചറിഞ്ഞില്ലല്ലോ?
ഇവിടെ ഇരുന്നു ഞാനവിടെ കുറ്റിപറ്റുകയായിരുന്നു,
പിറ്റേന്ന് മാധ്യമം നല്‍കിയ പടം,
ഏറ്റിനടക്കുന്ന കുഞ്ഞു തോളുകളില്ലാതെ
കാലിട്ടടിച്ച്
പാതവക്കില്‍ കിടന്ന ബാഗുകള്‍...
മനൊജ്, നന്ദി

മഴക്കിളി said...

ചോരപൊടിഞ്ഞ ചോറ്റുപാത്രങ്ങളുടെ അവസാനത്തെ പൊട്ടിത്തെറികള്‍
ഇപ്പൊഴും ചുറ്റിലും അലയുകയാണ്....

meegu2008 said...

നല്ല രചന,നന്നായിട്ടുണ്ട്

ദയവു ചെയ്‌തു എന്റെ കവിതകള്‍ വായിച്ചാലും

സുനില്‍ ജയിക്കബ്ബ്, ചിറ്റഞ്ഞൂര്‍ കവിതകള്‍

ശ്രീഇടമൺ said...

എന്തൊക്കെയോ പറയണമെന്നുണ്ട്...
ഒന്നും പറയുന്നില്ല...പക്ഷേ..."വരിവരിയായി നടന്നുപോയ..." ഹോ...
ഓര്‍മ്മകളില്ലാതിരുന്നെങ്കില്‍...

ദിവ്യ.സി.എസ് said...

Valare nalla ezhuth.thikachum hridayasparsi...