Sunday, March 23, 2008

റിംഗ് ടോണുകള്‍ക്കിടയില്‍




മൊബൈലേ,
ലോകം കൈപ്പിടിയിലൊതുക്കാനൊന്നും
നിന്നെ ഞാന്‍
ഉപയോഗിക്കില്ല

ആറരമണിക്ക് ജോലിതീര്‍ന്ന്
ഏറെനേരം
കൂലി കാത്തുനില്‍ക്കുമ്പോള്‍
വീട്ടില്‍ നിന്ന് വരുന്ന
വിളികള്‍ പോലും
എടുക്കാ‍റില്ല.

അരി കാത്തുനില്‍ക്കുന്ന
ഭാര്യയുടെ അക്ഷമയോ
സംസാരിച്ചുതുടങ്ങിയിട്ടില്ലാത്ത കുഞ്ഞിന്റെ
കളിപ്പാട്ടങ്ങളുടെ കിലുക്കമോ
നേരത്തെ പണിക്ക് വരാന്‍ പറയുന്ന
മുതലാളിമാരുടെ കനത്ത ഒച്ചയോ അല്ലാതെ
എന്തു വരാനാണ്

എവിടെയും പോകാന്‍
എന്തും ചെയ്യാന്‍
ഇത്രയും ചെറിയ കൂലികൊണ്ട്
എങ്ങനെ കഴിയാനാണ്?

വാടക ചോദിച്ചു വിളിക്കുന്ന
വീട്ടുടമയാണ്‍ ലൈനില്‍
എടുക്കാതിരുന്നാല്‍
വീട്ടില്‍ നിന്ന് പുറത്താക്കുമോ?

തീപ്പൊള്ളലോടെ
ഞാന്‍ എടുത്തുപിടിക്കുന്ന
ജീവിതത്തെ, മൊബൈലേ
നീ ലോകം എന്നു വിളിക്കുമോ?









Wednesday, February 6, 2008

ഓല

കാട്ടുതീയില്‍പ്പെട്ട തെയ്യത്തിനെ
കെട്ടിയാടുന്ന കാവില്‍ നിന്ന്
രാവിലെ പാട്ടുകേട്ടിരുന്നു.

പാമ്പിനും തീയ്ക്കുമിടയില്‍ പെട്ട
കാലുകളെ
മരങ്ങളെ
പറവകളെ
ഉറകത്തില്‍ പേടിയോടെ ഇരുത്തും.
അവളോട് ചേര്‍ന്നിരുന്ന പുല്‍പ്പരപ്പുകളിലേക്ക്
ഉണര്‍ച്ചകളെ കൊണ്ടുപോകും

അവള്‍ കടന്നുപോയ പൊള്ളല്‍
ഏറെക്കാ‍ലം
ഓര്‍മയിലേക്ക് കതിന കത്തിക്കണം

ഉടഞ്ഞ കുപ്പിവളയുടെ പച്ചയിലൂടെ
ഇഴഞ്ഞുപോയ ഉത്സവകാലമാണ് മഷിയില്‍

സ്കൂള്‍ വിട്ട് വീടെത്തുന്ന
അവള്‍ക്ക് പിറക്കാത്ത
കുട്ടികളുടെ കരച്ചില്‍
ക്ലാസ്സില്‍ പഠിപ്പിച്ച
കുഞ്ചിയമ്മയുടെ പാട്ട്

കാലുറക്കാതെ വരുമ്പോള്‍
അയാള്‍ മുഖത്തേക്കെറിഞ്ഞ
ചാകുവോളം പിടക്കുന്ന
മഞ്ഞളേട്ടകള്‍

തീയിലേക്ക് വീഴാനായുന്ന
തെയ്യത്തിനു മുന്നിലേക്കിടുന്ന
വെയിലേറ്റ ഓലകളാണ്
അവളുടെ ജീവിതമെന്ന് സങ്കല്‍പ്പിച്ചത്
ഏത് ഉത്സവകാലത്തായിരുന്നു?

(ചന്ദ്രിക ആഴ്ചപ്പതിപ്പ്,2008 ജനവരി)



Wednesday, January 30, 2008

രാവിലത്തെ നിര്മലാ ബസ്സില്‍

പഴയ സ്റ്റാന്റില്‍ നിന്ന്
അച്ഛനോടൊപ്പം
ഒരു പെണ്‍കുട്ടി കയറി

മൂന്നുപേര്‍ക്കിരിക്കാവുന്ന സീറ്റില്‍
ഏറെ ദൂരം അടുത്തടുത്തിരിക്കുമ്പോള്‍
അയാളാണ്‍ മിണ്ടിത്തുടങ്ങിയത്
പെണ്‍കുട്ടിയെ ദത്തെടുത്തതായിരുന്നു
ഇപ്പോള്‍ നാലാം ക്ലാസ്സില്‍ പടിക്കുന്നു
എന്നിങ്ങനെ നിര്‍ത്താതെ പറയുമ്പോള്‍
ബസ്സ് പോകുന്നു.

അച്ഛനോടൊപ്പം ഇറങ്ങുമ്പോഴാണ്‍
അവളെ ഒന്നുകൂടെ നോക്കിയത്

അവളുടെ ചെവിയിലുണ്ട്
ഉത്സവത്തിരക്കില്‍ കാണാതായ
എന്റെ മകള്‍ക്കുള്ളതുപോലെ
കമ്മലിടുമ്പോള്‍ പഴുത്തുപോറിയ
ഒരു വലിയ കല

വിറയാര്‍ന്ന കുഞ്ഞുവെയിലത്ത്
നഗരത്തിലൊരിടത്തുനിന്ന്
പാവാട പൊക്കിക്കാണിച്ച
ചെറിയ പെണ്‍കുട്ടിയുടെ
കയ്യിലെ കുപ്പിവളപോലെ
ചുവന്ന ആകാശമാണ്
ഞരമ്പിലിപ്പോഴും.
അതിന്റെ മുള്ളുവിരിച്ചിട്ട
പൊടിവഴിയിലൂടെ
ബസ്സില്‍ നഗരത്തിലേക്കു പോകുന്നു.

Friday, November 30, 2007

പോക്കിരി



നാലര വയസ്സുതികയാത്ത
ഒരു തമിഴനാണു ഞാന്‍

വിശപ്പിനെ
കുപ്പി
കടലാസ്
പ്ലാസ്റ്റിക്
ഇരുമ്പ്
എന്നിവയുടെ പഴക്കത്താല്‍
തൂത്തു മാറ്റുന്നു.

നിങ്ങളെന്തിനാണ്‍
എന്റെ അമ്മയെ,
പ്രായം തികയാത്ത അക്കച്ചിയെ
കളവിന്റെ പാദസരമണിയിച്ച്
അട്ടഹാസത്തോടെ തുണിയുരിയുന്നത്

പ്ലാസ്റ്റിക് തമ്പുകളിലൊന്നില്‍
പുതപ്പുകിട്ടാതെ കിതക്കുന്ന
അച്ഛനെ ഉറക്കിക്കിടത്തിക്കൊണ്ട്
അമ്മയോടൊപ്പം രാവിലെ തെരുവിലേക്കിറങ്ങിയ
ഇടവഴികളെ
ആരുടെയോ പഴയ ചെരുപ്പില്‍
ചേര്‍ത്തു പിടിക്കുകയായിരുന്നു ഞാന്‍

എം.ജി.ആര്‍
രജനീകാന്ത്
ഇളയ ദളപതി
ഏഴൈകള്‍ക്ക് സ്വന്തക്കാരന്‍
ആള്‍ക്കൂട്ടമേ,
ഞാന്‍ ഇതൊന്നുമല്ലാത്തതു കൊണ്ട്
നിങ്ങളെ തല്ലിക്കൊല്ലാതെ വിടുന്നു.
കണ്ണീര്‍ വിതക്കുന്ന ജീവിതത്തിന്റെ
കട്ടില്‍ മരമേ….
‘ഇവന്‍ നിന്നാലേ എതിരാകും ഊര്‘

ഞാന്‍
നിസ്സഹായതയുടെ പത്തുവിരലുകള്‍
അമ്മയ്ക്കു നേരെ വന്ന അനേകം കൈകളാല്‍
ചതച്ചുകളഞ്ഞ
പോക്കിരി
(പീക്കിരി)

സ്നേഹത്തിനു പകരം
ഘോരമായ അപമാനത്തിന്റെ കാട്ടുമരം കൊണ്ട്
നിങ്ങള്‍ കുത്തിമലര്‍ത്തിയിട്ട ചതുപ്പില്‍
എഴുനേല്‍ക്കനാ‍വാതെ
ഞങ്ങളെ കിടത്തിയിട്ട്

നിങ്ങള്‍
എടുത്തു രസിക്കുന്ന
ഒരു ഫോട്ടോയിലും
ഞങ്ങള്‍ അലിഞ്ഞു തീരില്ല

ആത്മാഭിമാനമേ,
നിന്നെ ഭ്രൂണം എന്നുപമിക്കാനുളള
പഠിപ്പ് എനിക്കില്ല

നാലര വയസ്സുതികയാത്ത
ഒരു തമിഴനാണു ഞാന്‍

തൊട്ടാവാടി

തെരുവില്‍
പകല്‍ നേരത്ത് വാടി
പലവട്ടം കാണേണ്ടി വന്നിട്ടുണ്ട്
അതിനെ

നിറം മങ്ങിയ പൂക്കളെ
ദുര്‍ബലമായ മുള്ളുകളെ
തൊടുമ്പോഴേക്കും തലകുനിക്കുന്ന
അതിന്റെ ഉടലിനെ
അവള്‍ ശ്രദ്ധിക്കുമായിരുന്നു

ക്ലാസിലൊരിക്കല്‍ കൂട്ടുകാരി
തൊട്ടാവാടിയെന്നു വിളിച്ചപ്പോള്‍
അവളുടെ കണ്ണുകളില്‍
വേരുകളോടെ ഭയം
പൊള്ളിനിന്നതല്ലേ

നിറം മങ്ങിയ പൂക്കള്‍
അവളുടെ പാവാടയിലായിരുന്നു
ദുര്‍ബലമായ മുളള്
തെരുവിലിടയ്ക്ക് കാണുന്ന
വീട്ടില്‍ വരാത്ത അച്ഛനായിരുന്നു

തൊടുമ്പോഴെല്ലാം വാടിവീഴുന്ന
ഒരു മുളളിനെ
ജീവിതമെന്നു വിളിക്കാന്‍
എന്നെപ്പോലെ
അവളും മടിച്ചിരിക്കുമോ?

Tuesday, November 6, 2007

ചില വീട്ടുകാര്യങ്ങള്‍


രാവിലെ
ആളുകള്‍ വരാതായ
റേഷന്‍ കടയിലേക്ക് പോകാന്‍
അച്ചന്‍ കുളിച്ചൊരുങ്ങും.

തുറക്കാതെ പൊടിപിടിച്ച
നീളന്‍ കണക്കുപുസ്തകങ്ങളുടെ മണം
അപ്പോള്‍
ആകാശത്ത് നിവര്‍ന്നു നില്‍ക്കും.

കറുത്ത മണ്‍കട്ടകളേറെയുള്ള
ചോറ്റു പാത്രവുമായി
അനിയത്തി സ്കൂളിലേക്കു പോകും.
`ഒരു ദിവസം കൂടെ വരുമോ`
എന്നു നെഞ്ച് തുറക്കുന്ന
റേഷന്‍ കാര്‍ഡുകളില്‍
അവള്‍ ജീവിതം രേഖപ്പെടുത്തും.

പഞ്ച്സാര പോലെ അലിഞ്ഞു തീരുന്ന
വെള്ളത്തെ എടുക്കാന്‍
അച്ചുകൂടത്തില്‍ വാര്‍ത്ത കിണറുമായ്
അമ്മ അധിക ദൂരം നടക്കും.
ചായ്പു മുറിയിലെ കന്നാസില്‍
കത്താന്‍ കാത്തിരിക്കുന്ന
മണ്ണെണ്ണയെങ്കിലും തരണേ
ലോകം തീവെയിലത്ത്
കാണുന്നതിനെനിക്ക്....

Sunday, September 9, 2007

ദീപാവലി


നീയൊരു ദീപാവലിയായിരുന്നു.
ഈ പൂത്തിരിയില്‍ നക്ഷത്രങ്ങളായി
ഈ കുയില്‍പ്പടക്കത്തില്‍
വെടിയൊച്ചയായ്
ആകാശത്ത് നിറഞ്ഞുപെയ്ത
എല്ലാ നിറങ്ങളിലും
എനിക്കു വെളിച്ചമായിരുന്നു.

നിന്റെ ഓര്‍മ
ഏറുപടക്കം പോലെ
എന്നെ എടുക്കുന്നു.
പൊള്ളലോടെ ചിതറിയ
ചരലുകളൊന്നുപോലും
ജീവിതമേ നിന്നിലെത്തുന്നില്ലല്ലോ....

ഞരമ്പില്‍ മുളച്ച പ്രാണന്റെ
വൈകാശി നിലാവേ

നെഞ്ചില്‍ നിന്നും
പ്രണയത്തിന്റെ വെടിയുണ്ടകള്‍
നീ തന്നെ കൊത്തിയെടുക്കുമോ?
നീ ചുണ്ടിറക്കും മുമ്പ്
ഞാന്‍ പഴുത്തുപൂത്ത നഗരമാകും


ഞാന്‍ നിന്നില്‍
മറവിയുടെ ദീപാവലി കത്തിക്കാന്‍
ആകാശത്തോളം ചെന്ന്
ഭൂമിയിലേക്ക് വീഴുന്ന
വലിയ പടക്കങ്ങള്‍ മാത്രം
ഉണക്കിവെക്കുന്നു.