Wednesday, June 11, 2008

ഫോട്ടോഗ്രാഫര്‍

കോലായിലിരുന്നു കാണുന്ന
രാത്രിയുടെയോ
അവളുടെ വീട്ടില്‍
കുലച്ചുനില്‍ക്കുന്ന വാഴകളുടെയോ
ഒരു പടം എടുത്തിരുന്നില്ല
അന്നേവരെ

സര്‍പ്പങ്ങള്‍ വരാറുള്ള കാവിന്റെ
ചുവന്ന ചായത്തില്‍ നനവു വിരിച്ചിട്ട്
മഴ ചിതറുന്ന ഒച്ചകളെ
തെങ്ങുകള്ക്കിടയിലൂടെയെടുത്തു

കാവിനരികിലൂടെ
തയ്ക്കാനുള്ള തുണികളുമായി
അവള്‍ കുന്നിറങ്ങുമ്പോള്‍
ചെരിപ്പുകളണിയാത്ത കാലുകളുടെ
അളവെടുത്തു...

കണ്ണെറിയാന്‍
കൈതയിലകള്‍ക്കടുത്ത്
പതുങ്ങി നിന്നു

അവളുടെ പാദസരങ്ങളോര്‍ത്ത്
ഉറക്കമുണര്‍ന്നതിനാല്‍
ഇന്ന് അവളെ കണ്ടുമുട്ടുമോ?
എന്ന ആകാംക്ഷ ജനലിലൂടെ
മഞ്ഞുവീഴ്ത്തുന്നു.

ബദാം മരത്തിനിടയിലൂടെ
അവളുടെ വീട് കാണുന്നുണ്ട്
‘ഞരമ്പില്‍ ഒരു നദി പായുന്നു’
എന്ന പാട്ട് ഫോണിലൂടെ കേള്‍ക്കുമ്പോള്‍
മനസ്സിലൂടെ വെയില്‍
അലിഞ്ഞു താഴുന്നു.

തണ്ടോടെ വെട്ടിയ വാഴയിലയില്‍
ശക്തമായൊട്ടിപ്പിടിക്കുന്ന
അവളുടെ വെളുത്ത ഉടലിനെ
പഴുത്തൊരു വാഴക്കുലയായി
മറവിയിലേക്ക് ചായ്ക്കണം

തേങ്ങിക്കരഞ്ഞ്
കരിഞ്ഞുണങ്ങിപ്പോയതിന്റെ
പടമെടുക്കുമ്പോള്‍
രഹസ്യമായി വെച്ച വിതുമ്പലിനെ
ഫിലിം റോളില്‍ നിന്ന് കറുപ്പോടെ
എടുത്തെറിയാന്‍
ഇന്ന് എനിക്ക് കഴിയുമോ?



(ജനശക്തി വാരിക,മെയ്-2008)







Thursday, April 17, 2008

കുപ്പി


കുപ്പിയിലെ പച്ചമാങ്ങകളിലേക്ക്
ഇത്തിരികൂടി ഉപ്പു വിതറുകയായിരുന്നു
അവള്‍.


മഞ്ഞുപറക്കുന്ന ജനലിലൂടെ
ആശുപത്രിയുടെ കുമ്മാ‍യ നിറം
അമ്മയുടെ മുണ്ടിന്‍ കോന്തലയായ്
നീണ്ടുവരുന്നു.

ഇരുട്ടില്‍
ചുവരിലെ പൂക്കളുടെ പടം
കാണാതായി

ശവമെടുപ്പിനു ശേഷം വിളമ്പിയ
കഞ്ഞി കുടിക്കുമ്പോള്‍
അവള്‍ ശരിക്കും കരഞ്ഞുപോയി.

ഇത്തിരികൂടെ ഉപ്പുവിതറട്ടേയെന്ന്
ചോദിക്കുമ്പോള്‍
അയല് പക്കത്തെ പെണ്‍കുട്ടി
ഒരു കുപ്പിയില്‍ ചീഞ്ഞുകൊണ്ടിരിക്കുന്ന
കണ്ണിമാങ്ങയിലേക്ക് വെറുതെ നോക്കി.

കാലുകളില്‍ ചോരവീഴ്ത്തേണ്ട
കുപ്പിച്ചില്ലുകള്‍ പിന്നാലെ വരുന്ന
തെരുവിലൊരറ്റത്ത്
അവള്‍ ഒരു സൂര്യനെ
മെല്ലെയെടുത്തു വെയ്ക്കുകയാണ്

Tuesday, April 1, 2008

തലയണ



ചെവി
തലയണയെ കേള്‍ക്കുമ്പോള്‍
ഭയന്നുണരുന്ന സംഗീതത്തിന്റെ
കാട്ടുതീയാല്‍
ഇടയ്ക്കിടെ പൊളളിക്കൊണ്ടിരിക്കും.
എങ്കിലും
നമ്മള്‍ ഒന്നിച്ചുറങ്ങിയതിന്റെ
മൃദുലതകള്‍ പുറത്തുകാട്ടി
ഉറക്കമില്ലാതായ തലയ്ക്കിടയില്‍
എപ്പോഴുമുണ്ടാകും.


മുറിച്ചുമാറ്റിയ
വലത്തേ മുലയോട് പറ്റിച്ചേര്‍ന്ന്
കിടക്കുമ്പോള്‍
കണ്ണീരുവീണ്
മഞ്ഞൊലിക്കുന്ന കാടായിരിക്കും അത്.

ഒരുദിവസം
എന്നെയോര്‍ത്ത് ഭ്രാന്തുപിടിച്ച്
പഞ്ഞിയാകെ പറത്തിയെറിഞ്ഞ്
അവള്‍
തലയണയില്ലാതെ
ഉറങ്ങാന്‍ പഠിക്കും.

അതിനുമുമ്പ്
ഞാന്‍ തിരിച്ചു ചെല്ലുമോ
പഴയതുപോലെ അവളെ സ് നേഹിക്കുമോ
അവള്‍ പിറന്ന ജനുവരി ഒന്നിന്
ഏറെക്കാലമായി വാങ്ങുന്ന
കുഞ്ഞുങ്ങളുടെ പടം
കൊടുക്കാന്‍ കഴിയുമോ?

പോക്കിരി മാധ്യമം വാരികയില്‍


Sunday, March 23, 2008

റിംഗ് ടോണുകള്‍ക്കിടയില്‍




മൊബൈലേ,
ലോകം കൈപ്പിടിയിലൊതുക്കാനൊന്നും
നിന്നെ ഞാന്‍
ഉപയോഗിക്കില്ല

ആറരമണിക്ക് ജോലിതീര്‍ന്ന്
ഏറെനേരം
കൂലി കാത്തുനില്‍ക്കുമ്പോള്‍
വീട്ടില്‍ നിന്ന് വരുന്ന
വിളികള്‍ പോലും
എടുക്കാ‍റില്ല.

അരി കാത്തുനില്‍ക്കുന്ന
ഭാര്യയുടെ അക്ഷമയോ
സംസാരിച്ചുതുടങ്ങിയിട്ടില്ലാത്ത കുഞ്ഞിന്റെ
കളിപ്പാട്ടങ്ങളുടെ കിലുക്കമോ
നേരത്തെ പണിക്ക് വരാന്‍ പറയുന്ന
മുതലാളിമാരുടെ കനത്ത ഒച്ചയോ അല്ലാതെ
എന്തു വരാനാണ്

എവിടെയും പോകാന്‍
എന്തും ചെയ്യാന്‍
ഇത്രയും ചെറിയ കൂലികൊണ്ട്
എങ്ങനെ കഴിയാനാണ്?

വാടക ചോദിച്ചു വിളിക്കുന്ന
വീട്ടുടമയാണ്‍ ലൈനില്‍
എടുക്കാതിരുന്നാല്‍
വീട്ടില്‍ നിന്ന് പുറത്താക്കുമോ?

തീപ്പൊള്ളലോടെ
ഞാന്‍ എടുത്തുപിടിക്കുന്ന
ജീവിതത്തെ, മൊബൈലേ
നീ ലോകം എന്നു വിളിക്കുമോ?









Wednesday, February 6, 2008

ഓല

കാട്ടുതീയില്‍പ്പെട്ട തെയ്യത്തിനെ
കെട്ടിയാടുന്ന കാവില്‍ നിന്ന്
രാവിലെ പാട്ടുകേട്ടിരുന്നു.

പാമ്പിനും തീയ്ക്കുമിടയില്‍ പെട്ട
കാലുകളെ
മരങ്ങളെ
പറവകളെ
ഉറകത്തില്‍ പേടിയോടെ ഇരുത്തും.
അവളോട് ചേര്‍ന്നിരുന്ന പുല്‍പ്പരപ്പുകളിലേക്ക്
ഉണര്‍ച്ചകളെ കൊണ്ടുപോകും

അവള്‍ കടന്നുപോയ പൊള്ളല്‍
ഏറെക്കാ‍ലം
ഓര്‍മയിലേക്ക് കതിന കത്തിക്കണം

ഉടഞ്ഞ കുപ്പിവളയുടെ പച്ചയിലൂടെ
ഇഴഞ്ഞുപോയ ഉത്സവകാലമാണ് മഷിയില്‍

സ്കൂള്‍ വിട്ട് വീടെത്തുന്ന
അവള്‍ക്ക് പിറക്കാത്ത
കുട്ടികളുടെ കരച്ചില്‍
ക്ലാസ്സില്‍ പഠിപ്പിച്ച
കുഞ്ചിയമ്മയുടെ പാട്ട്

കാലുറക്കാതെ വരുമ്പോള്‍
അയാള്‍ മുഖത്തേക്കെറിഞ്ഞ
ചാകുവോളം പിടക്കുന്ന
മഞ്ഞളേട്ടകള്‍

തീയിലേക്ക് വീഴാനായുന്ന
തെയ്യത്തിനു മുന്നിലേക്കിടുന്ന
വെയിലേറ്റ ഓലകളാണ്
അവളുടെ ജീവിതമെന്ന് സങ്കല്‍പ്പിച്ചത്
ഏത് ഉത്സവകാലത്തായിരുന്നു?

(ചന്ദ്രിക ആഴ്ചപ്പതിപ്പ്,2008 ജനവരി)



Wednesday, January 30, 2008

രാവിലത്തെ നിര്മലാ ബസ്സില്‍

പഴയ സ്റ്റാന്റില്‍ നിന്ന്
അച്ഛനോടൊപ്പം
ഒരു പെണ്‍കുട്ടി കയറി

മൂന്നുപേര്‍ക്കിരിക്കാവുന്ന സീറ്റില്‍
ഏറെ ദൂരം അടുത്തടുത്തിരിക്കുമ്പോള്‍
അയാളാണ്‍ മിണ്ടിത്തുടങ്ങിയത്
പെണ്‍കുട്ടിയെ ദത്തെടുത്തതായിരുന്നു
ഇപ്പോള്‍ നാലാം ക്ലാസ്സില്‍ പടിക്കുന്നു
എന്നിങ്ങനെ നിര്‍ത്താതെ പറയുമ്പോള്‍
ബസ്സ് പോകുന്നു.

അച്ഛനോടൊപ്പം ഇറങ്ങുമ്പോഴാണ്‍
അവളെ ഒന്നുകൂടെ നോക്കിയത്

അവളുടെ ചെവിയിലുണ്ട്
ഉത്സവത്തിരക്കില്‍ കാണാതായ
എന്റെ മകള്‍ക്കുള്ളതുപോലെ
കമ്മലിടുമ്പോള്‍ പഴുത്തുപോറിയ
ഒരു വലിയ കല

വിറയാര്‍ന്ന കുഞ്ഞുവെയിലത്ത്
നഗരത്തിലൊരിടത്തുനിന്ന്
പാവാട പൊക്കിക്കാണിച്ച
ചെറിയ പെണ്‍കുട്ടിയുടെ
കയ്യിലെ കുപ്പിവളപോലെ
ചുവന്ന ആകാശമാണ്
ഞരമ്പിലിപ്പോഴും.
അതിന്റെ മുള്ളുവിരിച്ചിട്ട
പൊടിവഴിയിലൂടെ
ബസ്സില്‍ നഗരത്തിലേക്കു പോകുന്നു.