Thursday, August 16, 2007

കളിക്കളം


ഞാന്‍ വരുമ്പോള്‍
ഒരു ജെ.സി.ബി
മൈതാനത്തിലേക്ക് പോകുന്നു.
മറഡോണയുടെ പതാക
കളിക്കിടയില്‍ കീറിപ്പോയ പന്തിന്റെ
കറുപ്പു വെളുപ്പുകള്‍
വാ‍ശിയുടെ വെള്ളിച്ചില്ലു വിതറിയ
ഭ്രാന്തന്‍ രാജ്യമേ….

മാണ്ണുമാന്തുമ്പോള്‍
നിശ്ശബ്ദതയില്‍ മുങ്ങി
ഓടിപ്പോകണേ എന്ന്
അത് പറഞ്ഞുതന്നു.
അപ്പോള്‍
വരാന്‍ പോകുന്ന പാര്‍പ്പിടങ്ങള്‍ക്ക്
വാരിയിടേണ്ട നിറങ്ങള്‍
കരുത്തോടെ വളഞ്ഞു നില്‍ക്കേണ്ട
ഇരുമ്പു ഗെയിറ്റുകള്‍
എല്ലാം കണ്ണു നനയുയ്ക്കുന്നു.

നിശബ്ദ മൈതാനമേ,
ഒരു ജെ.സി.ബി മൂളിവരുമ്പോള്‍
നിന്നടരിലെന്നോ പഴകിയ
ഈ ചെറിയ മണ്തരിയെ
മാന്തിയെടുക്കണേ എന്ന്
കരഞ്ഞുകൊണ്ട് പ്രാര്‍ത്ഥിക്കുകയാ‍ണോ?


v

നമ്മള്‍ ഒരേ സമയം വെയില്‍ നനയുമ്പോള്‍


പ്രണയം അവസാനിക്കുന്നത്
മറവിയുടെ ജയില്‍മുറ്റങ്ങളിലാണ്

വെയില്‍ നനയുന്ന
അവസാനത്തെ കൈവീശലോടെ
ഞാന്‍ എന്റെയും
നീ നിന്റെയും തടവുമുറിയിലേക്ക്
എത്തിച്ചേരും.
ഓര്‍മകള്‍ക്കിടയിലെ
പുഴയലര്‍ച്ചയില്‍
രണ്ടു പച്ചമുതലകള്‍
തണുത്തുകൊണ്ടിരിക്കും.

പ്രത്യാശയുടെ ശീതംവിതുമ്പി
അപകടദിശയിലേക്കു പറന്ന
കപ്പല് പറവയുടെ മനസ്സുപോലെ
നീയെന്നെ തിരിച്ചറിയാതെ….

നോവിന്‍ മഞ്ഞുജലത്താല്‍
ദൂരെ ഒഴുക്കുക, വാക്കേ
പ്രണയത്തിന്‍ പച്ചിലക്കപ്പലിനെ
ആദ്യമെനിക്ക്
അഭയത്തിന്റെ
വ്ര്‍ര്‍ദ്ധ മരപ്പൊത്ത് തരിക.

വെടിയുണ്ടയെക്കാള്‍
ചെറുതായിപ്പോയ ഹൃദയത്തിലെ
മഷിയൊപ്പുകള്‍ മായ്ച്ച്
മറ്റൊരു ജീവിതം
നീ തന്നെ കണ്ടുപിടിക്കുമായിരിക്കും.