Thursday, April 17, 2008

കുപ്പി


കുപ്പിയിലെ പച്ചമാങ്ങകളിലേക്ക്
ഇത്തിരികൂടി ഉപ്പു വിതറുകയായിരുന്നു
അവള്‍.


മഞ്ഞുപറക്കുന്ന ജനലിലൂടെ
ആശുപത്രിയുടെ കുമ്മാ‍യ നിറം
അമ്മയുടെ മുണ്ടിന്‍ കോന്തലയായ്
നീണ്ടുവരുന്നു.

ഇരുട്ടില്‍
ചുവരിലെ പൂക്കളുടെ പടം
കാണാതായി

ശവമെടുപ്പിനു ശേഷം വിളമ്പിയ
കഞ്ഞി കുടിക്കുമ്പോള്‍
അവള്‍ ശരിക്കും കരഞ്ഞുപോയി.

ഇത്തിരികൂടെ ഉപ്പുവിതറട്ടേയെന്ന്
ചോദിക്കുമ്പോള്‍
അയല് പക്കത്തെ പെണ്‍കുട്ടി
ഒരു കുപ്പിയില്‍ ചീഞ്ഞുകൊണ്ടിരിക്കുന്ന
കണ്ണിമാങ്ങയിലേക്ക് വെറുതെ നോക്കി.

കാലുകളില്‍ ചോരവീഴ്ത്തേണ്ട
കുപ്പിച്ചില്ലുകള്‍ പിന്നാലെ വരുന്ന
തെരുവിലൊരറ്റത്ത്
അവള്‍ ഒരു സൂര്യനെ
മെല്ലെയെടുത്തു വെയ്ക്കുകയാണ്

Tuesday, April 1, 2008

തലയണ



ചെവി
തലയണയെ കേള്‍ക്കുമ്പോള്‍
ഭയന്നുണരുന്ന സംഗീതത്തിന്റെ
കാട്ടുതീയാല്‍
ഇടയ്ക്കിടെ പൊളളിക്കൊണ്ടിരിക്കും.
എങ്കിലും
നമ്മള്‍ ഒന്നിച്ചുറങ്ങിയതിന്റെ
മൃദുലതകള്‍ പുറത്തുകാട്ടി
ഉറക്കമില്ലാതായ തലയ്ക്കിടയില്‍
എപ്പോഴുമുണ്ടാകും.


മുറിച്ചുമാറ്റിയ
വലത്തേ മുലയോട് പറ്റിച്ചേര്‍ന്ന്
കിടക്കുമ്പോള്‍
കണ്ണീരുവീണ്
മഞ്ഞൊലിക്കുന്ന കാടായിരിക്കും അത്.

ഒരുദിവസം
എന്നെയോര്‍ത്ത് ഭ്രാന്തുപിടിച്ച്
പഞ്ഞിയാകെ പറത്തിയെറിഞ്ഞ്
അവള്‍
തലയണയില്ലാതെ
ഉറങ്ങാന്‍ പഠിക്കും.

അതിനുമുമ്പ്
ഞാന്‍ തിരിച്ചു ചെല്ലുമോ
പഴയതുപോലെ അവളെ സ് നേഹിക്കുമോ
അവള്‍ പിറന്ന ജനുവരി ഒന്നിന്
ഏറെക്കാലമായി വാങ്ങുന്ന
കുഞ്ഞുങ്ങളുടെ പടം
കൊടുക്കാന്‍ കഴിയുമോ?

പോക്കിരി മാധ്യമം വാരികയില്‍