Friday, June 10, 2011

ഇരയുടെ മരങ്ങള്‍


ബസ് യാത്രയ്കിടയില്‍ കണ്ട
മരങ്ങളിലേക്കു തന്നെ
ഞാന്‍ നോക്കുകയാണ്


മരങ്ങളേറെയുള്ള ഒരിടത്തെ
ചോരയുണങ്ങാത്ത ഒരു ചിത്രത്തെ
രാവിലെ വായിച്ച പത്രത്തില്‍ നിന്ന്
കീറിമാറ്റുകയാണ് ഉള്ളം


കണ്‍പീലികള്‍ കരിച്ചുകളഞ്ഞ
ഒരു സിഗരറ്റ് ലൈറ്ററിനെ
അതിന്റെ തീവെളിച്ചത്തെ ആളിക്കത്തിക്കുന്നു
ഇളം പെണ്ണുടലില്‍ കുത്തിനിര്‍ത്തിയ
മുനയുളള ഒരു വിറകുകീറ്


വളര്‍ത്തുതത്തയുടെ കൂടിനരികില്‍ നില്‍ക്കുന്ന
സ്കൂളില്‍ പോയിത്തുടങ്ങാത്ത മകളുടെ ഫോട്ടോ
ടിക്കറ്റെടുക്കാന്‍ തുറന്ന പേഴ്സിനുള്ളില്‍
ചിരിച്ചു തുള്ളുന്നു


അവള്‍ ഊഞ്ഞാലാടുന്ന മരം
ബസ്സിലിരുന്നു കാണുന്ന മരത്തെ
മറച്ചുപിടിക്കുന്നു


ജീവിതം
മരപ്പൊത്തിനുള്ളില്‍ ഒളിപ്പിച്ചുവെച്ച
ഏതു മരിച്ച കുഞ്ഞിന്റെ ചിരിപോലെ
തണുപ്പുള്ള മഴപ്പാറലാണ്

Friday, November 20, 2009

പ്രണയക്കുപ്പായം


‘ഞങ്ങള്‍
മജീദും സുഹറയുമാണ് ’
എന്ന പഴയ ഉപമയെ
ഇപ്പോഴും സ്നേഹിക്കുന്ന
ഒരു കാമുകനാണ് ഞാന്‍

മജീദ് എന്റെ പേരാണ്
സുഹറ അവളുടെതല്ല

നീയില്ലെങ്കില്‍ ചങ്കുപൊട്ടി മരിക്കുമെന്ന്
കാമുകിയോടു പറഞ്ഞ
പരീക്കുട്ടിയുടെ അതേ ചോരയാണ്
എന്റെ ഞരമ്പില്‍
‘ഞാന്‍ അവളെ സ്നേഹിക്കുന്നുവെന്ന് ’
ഏതു നരകത്തിലും വിളിച്ചു പറയും

വൈദ്യുതിക്കമ്പിയിലിരുന്ന്
കൊക്കുകള്‍ ചേര്‍ത്ത് പിടഞ്ഞു മരിച്ച
പക്ഷികളായിരുന്നെങ്കില്‍
ഞങ്ങളും അനശ്വരതയിലേക്ക്
എഴുതപ്പെടുമായിരുന്നു.

സ്നേഹം നടിക്കുകയാണ്
എന്ന വെറുപ്പുകലര്‍ന്ന ഒരുപമയെ
ജീവിതത്തിലേക്ക് കടത്തിവിട്ട്
നിങ്ങള്‍ ചെറുതാക്കിയപ്പോഴും
‘ഞങ്ങള്‍
മജീദും സുഹറയുമാണ് ’
എന്ന പഴയ ഉപമയെ
ഇപ്പോഴും സ്നേഹിക്കുന്ന
ആ കാമുകനെ ഞാന്‍ കൊല്ലാതെ
നിലനിര്‍ത്തുകയാണ്

Sunday, December 14, 2008

വരിവരിയായി നടന്നുപോയ...


പെരുമണ്ണ് ശ്രീ നാരായണ വിലാസം സ്കൂള്‍ ഷുക്കൂര്‍ പെടയങ്ങോട് എന്ന കവിയുടെ വീട്ടിലേക്കുളള ബസ്സ് സ്റ്റോപ്പിന്റെ അടയാ‍ളമായിരുന്നു എനിക്ക്. പല തവണ പോയി അപരിചിതത്വം നഷ്ടപ്പെട്ട ഒരു മണ്ണിനോടുളള അടുപ്പം എനിക്ക് ആ സ്കൂളിനോടും പരിസരത്തോടുമുണ്ടായിരുന്നു. പെരുമണ്ണില്‍ ഒമ്പത് കുട്ടികള്‍ വാനിനടിയില്‍ പെട്ട് ചതഞ്ഞു മരിക്കുന്നതിന്റെ തലേനാള്‍ നിശ്ചയിച്ചുറപ്പിച്ചതായിരുന്നു പെരുമണ്ണിലേക്കുളള യാത്ര. രാത്രിയില്‍ വിറക്കുന്ന ശബ്ദത്തോടെ ഷുക്കൂര്‍ക്കയുടെ ഫോണ്‍ വന്നു. മൊബൈല്‍ ഫോണ്‍ എന്റെ കയ്യിലിരുന്ന് പൊള്ളി. വരിവരിയായി നടന്നു പോകുന്ന ഒമ്പതു കുട്ടികളുടെ ചിരികള്‍ രാത്രിയുറക്കത്തില്‍ എന്നെ ഉറുമ്പുകളെ പൊലെ പൊതിഞ്ഞു.
എന്റെ ആദ്യ കവിതാ പുസ്തകമായ ‘ട്രാഫിക് ഐലന്റ് ’ റോഡുമുറിച്ചു കടക്കുമ്പോള്‍ ചുവന്നു മാഞ്ഞവര്‍ക്കു വേണ്ടിയാണ് സമര്‍പ്പിച്ചിട്ടുളളത്. നെരീഷ്മയ്ക്കും. നെരീഷ്മ ഞാന്‍ നേരില്‍ കണ്ടിട്ടില്ലാത്ത പെണ്‍കുട്ടിയാണ്. എന്റെ കൂട്ടുകാരിയായ വൈഗയാണ് നെരീഷമയെ കുറിച്ചു പറഞ്ഞത്. കത്തുകളില്‍ ഞാന്‍ വൈഗയ്ക്കയച്ചു കൊടുത്തിരുന്നഎന്റെ കവിതകള്‍ ഹോസ്റ്റലില്‍ അവളുടെ റൂം മേറ്റ്സ് ആയിരുന്ന നെരീഷ്മ ആഹ്ലാദത്തോടെ വായിക്കുമായിരുന്നു. എന്റെ എഴുത്തിലെ ദുരന്തബോധമാണ് അവളെ ആകര്‍ഷിച്ചിരുന്നത്. നേരില്‍ കാണാതെ, ഫോണ്‍ വിളിയ്കാതെ കത്തുകളിലും കവിതകളിലും മാത്രം തുടര്‍ന്ന സൊഹൃദം അവസാനിക്കുന്നത് വൈഗയുടെ ഒരു ഫോണ്‍ വിളിയോടെയാണ്. തീയില്‍ വീണ ഐസുകഷ്ണം പൊലെ നനഞ്ഞ് പൊള്ളിയിരുന്നു അവളുടെ ശബ്ദം. റോഡു മുറിച്ചു കടക്കുമ്പോള്‍ ബസ്സുതട്ടി വീണ നെരീഷ്മയുടെ യൂനിഫോമിട്ട ശരീരം പെരുമഴ നനഞ്ഞ റോഡിലിട്ട് ഞാന്‍ ഓര്‍മയിലേക്ക് കൈമാറ്റം ചെയ്തു. കല്പറ്റ നാരായണന്റെ കവിതയിലെ പെണ്‍കുട്ടിയെപ്പോലെ ‘ചക്രത്തിനടിയില്‍ നിന്ന് പിടഞ്ഞെഴുനേറ്റ് എനിക്കൊന്നും പറ്റിയിട്ടില്ല എന്നവള്‍ വിളിച്ചു പറയുമെന്ന് നീക്കം ചെയ്യാനാവാത്ത ഓര്‍മ എന്നോടിപ്പോഴും പറഞ്ഞു പറ്റിക്കുന്നുണ്ട്. ട്രാഫിക് ഐലന്റിലെ കവിതകള്‍ ഏറെയും റോഡുമായി ,അപകട മരണത്തിന്റെ ചോരനനവുമായി അടുപ്പം പ്രഖ്യാപിക്കുന്നുണ്ട്.
പെരുമണ്ണിലെ സ്കൂള്‍ കുട്ടികളുടെ മരണ വാര്‍ത്ത കേട്ട നിമിഷം മുതല്‍ ആ കുഞ്ഞുങ്ങളുടെ ചോരയുണങ്ങും മുമ്പേ ആ മണ്ണിലേക്കു പോകാന്‍ ഞാന്‍ നിശ്ചയിച്ചുറപ്പിച്ചു. പതിനായിരക്കണക്കിന് ആളുകള്‍ക്കിടയിലൂടെ നടന്ന് കുഞ്ഞുങ്ങളുടെ മൃതശരീരങ്ങള്‍ക്കരികിലെത്തിയപ്പോള്‍ ഉറക്കെ കരഞ്ഞു പോകുമെന്നു തോന്നി. റോഡില്‍ ചിതറിക്കിടക്കുന്ന ചോര നനഞ്ഞ ചെരിപ്പുകള്‍…പുസ്തകക്കടലാസുകള്‍...തലമുടികള്‍... മരിച്ചുപോയ കുട്ടികളില്‍ ചിലര്‍ നന്നായി കവിതയെഴുതുമായിരുന്നുവെന്ന് പത്രത്തില്‍ പിന്നീട് വായിച്ചറിഞ്ഞു. “ഒരു ദിവസം ഞാന്‍ റോഡരികില്‍ കിടക്കുകയായിരുന്നു ” എന്ന് ‘പത്തുരൂപാ നോട്ട്’ എന്ന കുഞ്ഞുകഥയെഴുതിയ കുട്ടിയേതെന്ന് ഞാന്‍ തിരിച്ചറിഞ്ഞില്ലല്ലോ?
ജീവിതതിന്റെ എഴുതിത്തീരാത്ത വരികള്‍ കൈവിരലുകളിലുളള കുഞ്ഞുങ്ങള്‍ക്കിടയില്‍ നിന്ന് തിരിച്ച് ബസ്സ് കയറുമ്പോള്‍ ചോരനനഞ്ഞ ഒരു ഹെയറ്ബാന്റില്‍ മനസ്സു തട്ടി ഞാന്‍ റോഡുകളെ ഭയപ്പെടുവാന്‍ തുടങ്ങി.

Sunday, September 21, 2008

കണ്ണൂരില്‍ ഒരു മഴക്കാലം
പെയ്തുതോരാത്ത ഒരു മഴക്കാലത്താണ് ഞാന്‍ ‘മഹാനദി’ എന്ന സിനിമ കാണുന്നത്. കല്‍ക്കത്തയിലെ ഇടുങ്ങിയ തെരുവുകളില്‍ നിറം മങ്ങിയ ഫ്രോക്കുകളിട്ട കുഞ്ഞുങ്ങളെ വില്പനയ്ക്കു വെയ്ക്കുന്ന ദൃശ്യങ്ങള്‍ മനസ്സിനെ വീണ്ടും വീണ്ടും മുറിവേല്‍പ്പിച്ചുകൊണ്ടിരുന്നു. ആള്‍ക്കൂട്ടത്തിലൂടെ മകളെ തിരഞ്ഞു നടക്കുന്ന കമലഹാസന്റെ മുഖം ‘പുന്നകൈ മന്നനി‘ലും,‘കാതല്‍ പരിശി’ലും കണ്ടതില്‍ നിന്നും ഏറെ വ്യത്യസ്തമായിരുന്നു. “എന്നെ തനിച്ചു വിട്..” എന്ന് ഉറക്കത്തില്‍ ഞെട്ടിയുണരുന്ന ചെറിയ പെണ്‍കുട്ടി കണ്ണു തുറിപ്പിച്ച് മുകളിലേക്കു നോക്കുകയാണ്…മഴ വഴിമാറുമെന്ന പ്രതീക്ഷയോടെ തിയേറ്ററിന്റെ വരാന്തയില്‍ ഏറെനേരം തണുത്തുനിന്ന ശേഷമാണ് നിരത്തിലേക്കിറങ്ങിയത്. ജീവിക്കാന്‍ വേണ്ടി കാര്യമായ തൊഴിലുകളൊന്നും എടുത്തു തുടങ്ങാത്ത കാലമായിരുന്നു അത്. കുറച്ചുമാത്രം ദിവസങ്ങള്‍ പട്ടണത്തിലെ ഒരു ഫര്‍ണിച്ചര്‍ കടയില്‍ സെയിസ് മാനായി നിന്നു.രാവിലെ എട്ടുമണിക്ക് കട തുറക്കും. വൈകിട്ട് ഒമ്പതു മണിവരെയാണ് ജോലി സമയം.പ്രത്യക്ഷത്തില്‍ കാര്യമായ പണികളൊന്നും ഉണ്ടായിരുന്നില്ല എന്നതായിരുന്നു നേര്. എന്നാല്‍ നിരത്തി വെച്ചിരിക്കുന്ന മേശകളും, കസേരകളും, ടീപ്പോയികളും, സോഫകളും, കടയുടമയുടെ ആഹ്ലാദത്തിനു വേണ്ടി എനിക്ക് ഒരു ദിവസത്തില്‍ പലതവണ തുടച്ചു വെയ്ക്കേണ്ടി വന്നു. ജോലിക്കിടയില്‍ ഒരു തവണ മാത്രം അനുവദിക്കപ്പെട്ടിരുന്ന ചായ ആറ്റിക്കുടിക്കുമ്പോള്‍ അനുഭവിച്ചിരുന്ന ആഹ്ലാദത്തിന്റെ വെയിലടയാളങ്ങള്‍ എന്നിലിപ്പോഴും പൊള്ളി നില്‍ക്കുന്നുണ്ട്.മഴ വഴിമാറിയപ്പോള്‍വിശപ്പ് ശക്തമായി വന്നു. കയ്യില് കാര്യമായൊന്നുമില്ല. ഒരു ചായക്കുള്ള പൈസ മാത്രമുണ്ട്. ചായകുടിക്കുകയാണെങ്കില്‍ വീട്ടിലേക്ക് നടന്നു പോകേണ്ടി വരും. ചളി നിറഞ്ഞ കൈപ്പാടുകള്‍ക്കിടയിലൂടെ ഒരു എളുപ്പവഴിയുണ്ട് എന്നതായിരുന്നു ഒരാശ്വാസം. തിയേറ്ററിനടുത്ത തട്ടുകടയില് സാമാന്യം നല്ല തിരക്കുണ്ട്. കണ്ണാടിച്ചില്ലുകളില്‍ കൂട്ടിയിട്ടിരിക്കുന്ന പലഹാരങ്ങളിലേക്ക് നിരാശയോടെ ഞാന്‍ എത്തിനോക്കി. കയ്യിലുള്ള ചില്ലറത്തുട്ടുകള്‍ നല്‍കി ഞാന്‍ ചായക്ക് വിളിച്ചു പറഞ്ഞു. ചായ ഊതിക്കുടിക്കുന്നതിനിടയിലാണ് കീറിയ കുപ്പായമിട്ട രണ്ടു കുട്ടികള്‍ തട്ടുകടയ്ക്കരികിലേക്കു വന്നത്.ഏതാണ്ട് പത്തു വയസ്സ് തികഞ്ഞിട്ടില്ലാത്ത ഓരാണ്‍കുട്ടിയും, ആതിനേക്കാള്‍ ചെറുതെന്നു തോന്നിക്കുന്ന ഒരു പെണ്‍കുട്ടിയുമായിരുന്നു അതെന്ന് ഞാന്‍ കണ്ടു. സൊനാഗഞ്ചില്‍ വില്‍പ്പനയ്ക്കു വെച്ചിരിക്കുന്ന ബാലവേശ്യകള്‍ക്കൊന്നിന് അവളുടെ മുഖമാണെന്ന് ഞാന്‍ ഞെട്ടലോടെ ഓര്‍ത്തു.ഒരപ്പം താ എന്ന് യാചിക്കുന്ന ആ പയ്യന്റെ മുഖത്തേക്ക് തട്ടുകടക്കാരന്‍ തിളയ്ക്കുന്ന വെള്ളം വലിച്ചെറിയുന്നത് കണ്ട് എന്റെ മനസ്സുതിളച്ചു.കൈപ്പാടിനരികിലെ തുണിമറകള്‍ക്കൊണ്ടുണ്ടാക്കിയ വീട്ടുമുറ്റത്തു നിന്ന് കീരിയെ ചുട്ടുതുന്ന് വിശപ്പടക്കുന്ന ഏതെങ്കിലും ഒരു കറുത്ത തമിഴത്തിയുടെ മക്കളായിരിക്കും ഇവര്‍. പിടിച്ചെടുക്കാന്‍ മൊബൈല്‍ ക്യാമറകളോ ,ആകാശത്തിലൂടെ ലോകം മുഴുവന്‍ ആഘോഷിക്കാന്‍ ടി.വി ചാനലുകളോ ഇല്ലാതിരുന്ന ഒരു കാലത്ത് മനുഷ്യത്വം വാങ്ങിക്കൊടുക്കാമായിരുന്ന ഒരു ഗ്ലാസ്സ് ചായയിലായിരുന്നു. എന്നിട്ടും അതാരും ചെയ്തില്ലല്ലോ?മുഖം നിറയെ പൊള്ളലും, ഉള്ളുനിറയെ വേദനയുമായി മഴയിലൂടെ നടന്നുപോയ ആ കുട്ടികള്‍ ഇപ്പോഴും വിശപ്പോടെ ജീവിക്കുന്നുണ്ടാകുമോ?വിശക്കുമ്പോള്‍ എലികളെയും കീരികളെയും കൊന്നുതിന്നുന്നതിനിടയില്‍ മുഖത്തേറ്റ പൊള്ളല്‍ ഓര്‍മിക്കുമോ?

Wednesday, September 10, 2008

Wednesday, July 23, 2008

നിമീലിത 4 സിപക്ഷികളുടെ ചാര്‍ട്ട്
സ്കൂളിലേക്ക് കൊണ്ടുപോയ
സന്തോഷത്തിലായിരുന്നു.
അവള്‍

സ്കൂളില്‍ മരങ്ങളേ ഇല്ലായിരുന്നു
പക്ഷികളും...

ഇല്ലാത്ത മരങ്ങളെ അകലെനിന്നു നോക്കി
മരങ്ങളുള്ള വീടിനരികില്‍
ഇന്റര്‍ ബെല്ലിന് പോയി

നെല്ലിമരത്തിനരികില്‍
കണ് മിഴിച്ച്
ഒരു വെളുത്ത പൂച്ച.
വീട്ടുകാരനോട്
വെള്ളം ചോദിച്ചു.

‘നെല്ലിക്ക വേണോ?’
വായില്‍ പരന്ന
വെള്ളമായിരുന്നു
മറുപടി.

അയാള്‍ കൈപിടിച്ചപ്പോള്‍
അവള്‍ കരയാതെ നിര്‍ത്തിയ
വിങ്ങലായിരുന്നു എങ്ങും...

ചാക്കു കട്ടിലില്‍ ശ്വാസമില്ലാതെ
കിടന്നപ്പോള്‍
അവള്‍ക്ക് ചിറകു വന്നു.
സ്കൂളിലേക്ക് പറന്നു

പേടിച്ച് പോളന്‍ പൊങ്ങാ‍തിരിക്കാന്‍
കാവിലേക്ക് നേര്‍ച്ചയിടണം
ദുഷ്ടന്‍ കയ്യില്‍ വെച്ചുതന്ന
ഈ പത്തുരൂപ...

Thursday, June 26, 2008

ഗജ


ഗജേന്ദ്രന്‍ എന്നാണ് പേര്
എന്നു പറഞ്ഞുകൊണ്ടുതന്നെ
ഞാനെന്നെ പരിചയപ്പെടുത്തുന്നു.
പത്രത്തിലോ
ടി.വിയിലോ വരുമ്പോള്‍
പാട്ടി സ്നേഹത്തോടെ വിളിച്ചിരുന്ന
ഗജ എന്ന പേര് മതിയാവില്ല
എനിക്കറിയാം.

അതിനാല്‍ ഞാന്‍-
ഗജേന്ദ്രന്‍
ഒമ്പതു വയസ്സുള്ള പെണ്ണിനെ
കൊലപ്പെടുത്തിയതിന്
ഇപ്പോള്‍ പോലീസുകരോടൊപ്പം
ജീപ്പിലേക്ക് കയറുന്നു.


എന്റെ വീടിനരികിലാണ്‍
പിങ്ക് പൂക്കളുള്ള ഫ്രോക്കില്‍
അവള്‍ ചതഞ്ഞു വീണ
റെയില്‍പ്പാളങ്ങള്‍.
എന്റെ അനിയത്തിയാണ്
വൈകുന്നേരങ്ങളില്‍ അവള്‍ക്ക്
കണക്ക് പഠിപ്പിച്ചിരുന്നത്
മുടി മെടഞ്ഞിട്ട് അഗ്രഹാരത്തെരുവിലൂടെ
അവള്‍ നടന്നുപോകുന്നത്
വാത്സല്യത്തോടെ
ഞാന്‍ നോക്കി നിന്നിരുന്നു.


സത്യത്തിനും കളവിനുമിടയ്ക്ക്
കൌശലത്തോടെ
നിവര്‍ത്തിയിടുന്ന
തെളിവുകളിലേക്ക്
ഞാന്‍ ചുരുണ്ടുകൊണ്ടിരിക്കുകയാണ്


2

അതിനാല്ഞാന്
ഗജേന്ദ്രന്‍
മകന്റെ സ്കൂള്‍ ഡയറിയില്‍ നിന്ന്
ചീന്തിയെടുത്ത കത്തില്‍
എന്നെ ശപിച്ചുകൊണ്ട്
തീക്കൊളുത്തിയ
ഭാര്യയുടെയും മകന്റെയും
കരിഞ്ഞുപോയ തലയോടിനരികില്‍
ഇപ്പോള്‍ പൊടിയായ് പാറുന്നു.

3
ജയിലില്‍ എനിക്കു കണ്ടുവെച്ചത്
ഗര്‍ഭിണിയായ കൂടപ്പിറപ്പിനെ
കൊലപ്പെടുത്തിയ
ഒരു കര്‍ണാടകന്റെ മുറിയാണ്.
വീടിനരികിലെ തീവണ്ടിപ്പാതയിലേക്ക്
ഒമ്പതു വയസ്സുള്ള പെണ്ണിനെ
കൊലപ്പെടുത്തി, ആരോ തള്ളിയതാണ്
എന്ന് ഉള്ളുരുകിപ്പറഞ്ഞാല്‍
അവന്റെ കണ്ണില്‍ നിന്ന്
കണ്ണീര്‍ വരുമോ?

മകന്റെ സ്കൂള്‍ ഡയറിയിലെഴുതി വെച്ച
ശാപ വാക്കുകള്‍
തീവണ്ടിയുടെ വേഗതയില്‍
ഇറങ്ങിപ്പായുമോ?