ബസ് യാത്രയ്കിടയില്‍ കണ്ട
മരങ്ങളിലേക്കു തന്നെ
ഞാന്‍ നോക്കുകയാണ്
മരങ്ങളേറെയുള്ള ഒരിടത്തെ
ചോരയുണങ്ങാത്ത ഒരു ചിത്രത്തെ
രാവിലെ വായിച്ച പത്രത്തില്‍ നിന്ന്
കീറിമാറ്റുകയാണ് ഉള്ളം
കണ്‍പീലികള്‍ കരിച്ചുകളഞ്ഞ
ഒരു സിഗരറ്റ് ലൈറ്ററിനെ
അതിന്റെ തീവെളിച്ചത്തെ ആളിക്കത്തിക്കുന്നു
ഇളം പെണ്ണുടലില്‍ കുത്തിനിര്‍ത്തിയ
മുനയുളള ഒരു വിറകുകീറ്
വളര്‍ത്തുതത്തയുടെ കൂടിനരികില്‍ നില്‍ക്കുന്ന
സ്കൂളില്‍ പോയിത്തുടങ്ങാത്ത മകളുടെ ഫോട്ടോ
ടിക്കറ്റെടുക്കാന്‍ തുറന്ന പേഴ്സിനുള്ളില്‍
ചിരിച്ചു തുള്ളുന്നു
അവള്‍ ഊഞ്ഞാലാടുന്ന മരം
ബസ്സിലിരുന്നു കാണുന്ന മരത്തെ
മറച്ചുപിടിക്കുന്നു
ജീവിതം
മരപ്പൊത്തിനുള്ളില്‍ ഒളിപ്പിച്ചുവെച്ച
ഏതു മരിച്ച കുഞ്ഞിന്റെ ചിരിപോലെ
തണുപ്പുള്ള മഴപ്പാറലാണ്