
ഗജേന്ദ്രന് എന്നാണ് പേര്
എന്നു പറഞ്ഞുകൊണ്ടുതന്നെ
ഞാനെന്നെ പരിചയപ്പെടുത്തുന്നു.
പത്രത്തിലോ
ടി.വിയിലോ വരുമ്പോള്‍
പാട്ടി സ്നേഹത്തോടെ വിളിച്ചിരുന്ന
ഗജ എന്ന പേര് മതിയാവില്ല
എനിക്കറിയാം.
അതിനാല്‍ ഞാന്‍-
ഗജേന്ദ്രന്
ഒമ്പതു വയസ്സുള്ള പെണ്ണിനെ
കൊലപ്പെടുത്തിയതിന്
ഇപ്പോള്‍ പോലീസുകരോടൊപ്പം
ജീപ്പിലേക്ക് കയറുന്നു.
എന്റെ വീടിനരികിലാണ്
പിങ്ക് പൂക്കളുള്ള ഫ്രോക്കില്‍
അവള് ചതഞ്ഞു വീണ
റെയില്‍പ്പാളങ്ങള്‍.
എന്റെ അനിയത്തിയാണ്
വൈകുന്നേരങ്ങളില്‍ അവള്‍ക്ക്
കണക്ക് പഠിപ്പിച്ചിരുന്നത്
മുടി മെടഞ്ഞിട്ട് അഗ്രഹാരത്തെരുവിലൂടെ
അവള് നടന്നുപോകുന്നത്
വാത്സല്യത്തോടെ
ഞാന്‍ നോക്കി നിന്നിരുന്നു.
സത്യത്തിനും കളവിനുമിടയ്ക്ക്
കൌശലത്തോടെ
നിവര്‍ത്തിയിടുന്ന
തെളിവുകളിലേക്ക്
ഞാന്‍ ചുരുണ്ടുകൊണ്ടിരിക്കുകയാണ്
2
അതിനാല്ഞാന്
ഗജേന്ദ്രന്
മകന്റെ സ്കൂള്‍ ഡയറിയില്‍ നിന്ന്
ചീന്തിയെടുത്ത കത്തില്‍
എന്നെ ശപിച്ചുകൊണ്ട്
തീക്കൊളുത്തിയ
ഭാര്യയുടെയും മകന്റെയും
കരിഞ്ഞുപോയ തലയോടിനരികില്‍
ഇപ്പോള്‍ പൊടിയായ് പാറുന്നു.
3
ജയിലില്‍ എനിക്കു കണ്ടുവെച്ചത്
ഗര്‍ഭിണിയായ കൂടപ്പിറപ്പിനെ
കൊലപ്പെടുത്തിയ
ഒരു കര്‍ണാടകന്റെ മുറിയാണ്.
വീടിനരികിലെ തീവണ്ടിപ്പാതയിലേക്ക്
ഒമ്പതു വയസ്സുള്ള പെണ്ണിനെ
കൊലപ്പെടുത്തി, ആരോ തള്ളിയതാണ്
എന്ന് ഉള്ളുരുകിപ്പറഞ്ഞാല്‍
അവന്റെ കണ്ണില്‍ നിന്ന്
കണ്ണീര് വരുമോ?
മകന്റെ സ്കൂള്‍ ഡയറിയിലെഴുതി വെച്ച
ശാപ വാക്കുകള്‍
തീവണ്ടിയുടെ വേഗതയില്‍
ഇറങ്ങിപ്പായുമോ?
4 comments:
കവിതയ്ക്കപ്പുറമൊരു കഥപോലെ തോന്നി.
കഥ പറയുന്ന കവിത.
മനസ്സിലാകാത്തത് എഴുതുന്ന കവികള്‍ വായിക്കട്ടെ.
ഒരു കവിത ഇതുവരെ അയച്ചില്ല.
സത്യത്തിനും കളവിനുമിടയ്ക്ക്
കൌശലത്തോടെ
നിവര്‍ത്തിയിടുന്ന
തെളിവുകളിലേക്ക്
ഞാന്‍ ചുരുണ്ടുകൊണ്ടിരിക്കുകയാണ്...
എത്ര നല്ല വരികള്‍....
ugran
Post a Comment