Tuesday, July 10, 2007

ആയുധ എഴുത്ത്


വിമാനങ്ങള്‍ താഴ്ന്നു പറക്കുന്ന രാത്രിയില്‍
‍ആദ്യം എഴുതിയത് നിനക്കായിരുന്നു

അമ്മയാണാദ്യം
പൊട്ടിത്തെറിച്ച ഷെല്ലുകള്‍ക്കിടയില്‍ നിന്ന്
ആകാശത്തെ
അതിന്റെ
വെടിമരുന്നു മണത്തെ
കണ്ണുകളില്‍ ചേര്‍ത്തു മരിച്ചത് .
അനിയത്തി
ഫിലമെന്റു പോലെ

ചുട്ടു പഴുത്ത്ചിന്നിച്ചിതറിയ ശരീരത്തില്‍
ജീവിതമായി എരിയുക മാത്രം ചെയ്തു

ഇരയെ കൊല്ലേണ്ട വിധം
കെണിയുടെ കടലുകളെ വരയേണ്ട വിധം
എല്ലാം കൂട്ടുകാരന്‍ എഴുതുമായിരുന്നു
അവന്‍യുദ്ധവണ്ടിക്കരികില്‍
കശാപ്പു ചെയ്യപ്പെട്ടിരിക്കും.

ഓരോ ആയുധങ്ങള്‍ക്കും
മരിച്ചു പോയവര്‍
നീല ഇന്‍ലന്റില്‍ എഴുതുന്നസങ്കടങ്ങളാണ്
യുദ്ധകാലത്തെ പെരുമഴകളെന്ന്നീയാണെന്നോട് പറഞ്ഞത്
ആയുധങ്ങള്‍ നിശ്ശബ്ദമാകുന്ന ഒരു ദിനം
എന്റെ വരികളില്‍
‍തളിര്‍ത്തുപൊട്ടുമായിരിക്കും
നിന്റെ ചോരയുടെ നനവ്
മുറിവേറ്റ മുയല്‍ക്കുഞ്ഞുങ്ങളുടെ അധൈര്യം.
വഴികളുടെ സിംഫണി കേള്‍ക്കാത്ത
ഒറ്റഷൂസുകളെപ്പോലെ
അതിര്‍ത്തിയുടെ മണല്‍പ്പാടങ്ങളില്‍നമ്മുടെ പ്രണയം.

5 comments:

Anonymous said...

മനോജ്,
ഞാന്‍ ‘ട്രാഫിക് ഐലന്‍ റിന് ഒരു വായനാ സുഖം എന്നു പറഞ്ഞൊരു കുറിപ്പ് തയ്യാറാക്കി കൊണ്ടിരിക്കുകയാണ്.
സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

ടി.പി.വിനോദ് said...

മനോജ്, ട്രാഫിക് ഐലന്റ് കയ്യിലുണ്ട്.(ഓ.എം.ആര്‍ തന്നതാണ്) വായിച്ചുകൊണ്ടിരിക്കുന്നു. പുതുകവിതയുടെ മൊഴിമലയാളത്തിന് രാഷ്ട്രീയമായ ഉച്ചാരണങ്ങളും സാധ്യമാണെന്ന് ഓര്‍മ്മിപ്പിക്കുന്നു നിങ്ങളുടെ എഴുത്തുകള്‍.
അഭിനന്ദനങ്ങള്‍, ആശംസകള്‍.

അപ്പു ആദ്യാക്ഷരി said...

!-)

ഇട്ടിമാളു അഗ്നിമിത്ര said...

വായിച്ചു... നല്ല കവിത .. പക്ഷെ ബാക്കിയായത് ഉള്ളിലൊരു വേദന..

വിഷ്ണു പ്രസാദ് said...

മനോജ് കാട്ടാമ്പള്ളി എന്ന എഴുത്തുകാരനെ മാധ്യമങ്ങളില്‍ കണ്ട് പരിചയമുണ്ട്.എങ്കിലും ശ്രദ്ധിച്ചു വായിച്ചിട്ടില്ല.ഇനി വായിക്കാമല്ലോ.ബ്ലോഗെഴുതുന്നതില്‍ സന്തോഷം...നന്ദി.