Tuesday, July 17, 2007

ടോര്‍ച്ച്



ആട്ടിന്‍പാല്‍ വിറ്റ്
അമ്മ വാങ്ങിത്തന്നതിനെ
ഇരുട്ടുവഴികളിലെല്ലാം
കൂടെയെടുത്തു.

എത്ര മറന്നുനടന്നാലും
വീടിറങ്ങുമ്പോള്‍
അച്ചനുറങ്ങുന്ന മണ്ണിലേക്ക്
എത്തിയിട്ടുണ്ടാകും വെളിച്ചം.

പാമ്പുകള്‍ ഇലയനക്കുമ്പോള്‍
കാണിച്ചുതരാനാണ് തിടുക്കം

ചില്ലിന്റെ ഉള്ളില്‍ കിടന്ന്
കൊഴിയാ‍കാ‍നാകാത്തതിന്റെ വേദന
വാടക കൊടുക്കാനാവാത്ത
വീടിന്റെ കണ്ണീരുപോ‍ലെ
ഭൂമിക്കുമേല്‍ വിരിക്കും

തളര്‍ന്നു കണ്ണടക്കും മുമ്പ്
ഇഴഞ്ഞുപോയതിന്റെ
കാട്ടുവഴികളിലേക്ക്
വെളിച്ചം ഒഴുക്കിയതിന്റെ
പകപ്പില്‍
രാത്രി മുഴുവന്‍
തണുക്കുമായിരിക്കും
അത്.

1 comment:

മുസാഫിര്‍ said...

ചില്ലിന്റെ ഉള്ളില്‍ കിടന്ന്
കൊഴിയാ‍കാ‍നാകാത്തതിന്റെ വേദന
വാടക കൊടുക്കാനാവാത്ത
വീടിന്റെ കണ്ണീരുപോ‍ലെ
ഭൂമിക്കുമേല്‍ വിരിക്കും

- നന്നായിരിക്കുന്നു മനോ‍ജ്.ഈ വരികള്‍ പ്രത്യേകിച്ചും.