Friday, July 13, 2007

പച്ചശലഭങ്ങളെ സ്വപ്നം കണ്ട മണിമേഖലയോട്


നമ്മുടെ ഹിമകാനനങ്ങളില്‍
തീജലത്തിന്റെ കലാപബാധിതമായ
നിറങ്ങളിറ്റിച്ച്
നീ പൊടുന്നെനെ
നിശബ്ദയാകുന്നു.

നരകപ്പച്ചകള്‍ രേഖിതമായ
ജലരഹിത സമുദ്രത്തിലേക്ക്
കപ്പല്‍പറവയായ്
പറന്നുപോകുന്ന കാലം

തമിഴിന്റെ മുന്തിരിത്തണുപ്പുളള
നിന്നിലാകെ വിരലുകളോടിക്കുമ്പോള്‍
എന്റെ കൈപ്പത്തിയിലെ രേഖകളില്‍
വേലിയേറ്റത്തില്‍ മരിച്ചുപോയ മീനിന്റെ
ആഗ്രഹങ്ങള്‍ നിറഞ്ഞ ജലാശയങ്ങള്‍
നീ കാണേണ്ടിയിരുന്നു.

നമ്മുടെ പ്രണയം
വേദനയാല്‍ കീഴടങ്ങിയ ഗോത്രത്തിന്റെ
അരക്ഷിതമായ എല്ലാ കറുപ്പുകളും
ഉള്‍കൊള്ളുന്നു

നീ ലക്ഷ്യപ്രാപ്തിയുടെ കനത്തകാറ്റാകയാല്‍
ഞാന്‍ അലഞ്ഞു പാറിയ
ജീവിതത്തിന്റെ പഞ്ഞിത്തുണ്ടില്‍
എത്രയും നിസ്സാരമായ സ്നേഹം കൊണ്ട്
എന്നെ നീ നനച്ചു കൊല്ലുക.

No comments: