
നാലര വയസ്സുതികയാത്ത
ഒരു തമിഴനാണു ഞാന്‍
വിശപ്പിനെ
കുപ്പി
കടലാസ്
പ്ലാസ്റ്റിക്
ഇരുമ്പ്
എന്നിവയുടെ പഴക്കത്താല്‍
തൂത്തു മാറ്റുന്നു.
നിങ്ങളെന്തിനാണ്
എന്റെ അമ്മയെ,
പ്രായം തികയാത്ത അക്കച്ചിയെ
കളവിന്റെ പാദസരമണിയിച്ച്
അട്ടഹാസത്തോടെ തുണിയുരിയുന്നത്
പ്ലാസ്റ്റിക് തമ്പുകളിലൊന്നില്‍
പുതപ്പുകിട്ടാതെ കിതക്കുന്ന
അച്ഛനെ ഉറക്കിക്കിടത്തിക്കൊണ്ട്
അമ്മയോടൊപ്പം രാവിലെ തെരുവിലേക്കിറങ്ങിയ
ഇടവഴികളെ
ആരുടെയോ പഴയ ചെരുപ്പില്‍
ചേര്‍ത്തു പിടിക്കുകയായിരുന്നു ഞാന്‍
എം.ജി.ആര്
രജനീകാന്ത്
ഇളയ ദളപതി
ഏഴൈകള്‍ക്ക് സ്വന്തക്കാരന്
ആള്‍ക്കൂട്ടമേ,
ഞാന്‍ ഇതൊന്നുമല്ലാത്തതു കൊണ്ട്
നിങ്ങളെ തല്ലിക്കൊല്ലാതെ വിടുന്നു.
കണ്ണീര് വിതക്കുന്ന ജീവിതത്തിന്റെ
കട്ടില് മരമേ….
‘ഇവന് നിന്നാലേ എതിരാകും ഊര്‘
ഞാന്‍
നിസ്സഹായതയുടെ പത്തുവിരലുകള്‍
അമ്മയ്ക്കു നേരെ വന്ന അനേകം കൈകളാല്‍
ചതച്ചുകളഞ്ഞ
പോക്കിരി
(പീക്കിരി)
സ്നേഹത്തിനു പകരം
ഘോരമായ അപമാനത്തിന്റെ കാട്ടുമരം കൊണ്ട്
നിങ്ങള്‍ കുത്തിമലര്‍ത്തിയിട്ട ചതുപ്പില്‍
എഴുനേല്‍ക്കനാവാതെ
ഞങ്ങളെ കിടത്തിയിട്ട്
നിങ്ങള്‍
എടുത്തു രസിക്കുന്ന
ഒരു ഫോട്ടോയിലും
ഞങ്ങള്‍ അലിഞ്ഞു തീരില്ല
ആത്മാഭിമാനമേ,
നിന്നെ ഭ്രൂണം എന്നുപമിക്കാനുളള
പഠിപ്പ് എനിക്കില്ല
നാലര വയസ്സുതികയാത്ത
ഒരു തമിഴനാണു ഞാന്‍