Friday, July 20, 2007

അപരിചിത നിശബ്ദതകളുടെ ഒരു പകലില്‍


ഒറ്റയ്ക്കിരിക്കുമ്പോള്‍
പടിയിറങ്ങേണ്ട മണ്ണില്‍
ആളലടങ്ങുന്ന
വെയിലിനെ കാണും.

ഉച്ചയുറക്കത്തില്‍
വീടിനകത്തു കൂടെ
കടന്നുപോയ തീവണ്ടിയുടെ
പുകയില്‍
കണ്ണുവേദനിയ്ക്കും.
പകല്‍ നേരങ്ങളിലും
നനഞ്ഞ് കോതുന്ന ഇരുട്ടില്‍
ഭയന്നൊലിക്കും.

അപസ്മാരമുളളപ്പോള്‍
അമ്മ കൈയില്‍ വെചുതരുന്ന
താക്കോല്‍ കൊണ്ട് മേശ തുറക്കും
പഴയ പുസ്തകങ്ങളില്‍
പെന്‍സില്‍ മുനകൊണ്ട് കിടത്തിയ
തീവണ്ടികളാല്‍
അരഞ്ഞുപോകും.
സ്കൂളിലേക്ക് കൂടെപ്പോയിരുന്ന
ചേച്ചിയുടെ കല്യാണത്തലേന്ന്
ഇലപ്പച്ചകള്‍ കൊണ്ട് എഴുതിയിട്ട നന്മകള്‍
വീണ്ടും വായിക്കും.

പടിഞ്ഞാറെ അതിരില്‍ നിന്ന്
മധുരമുളള മാമ്പഴം
അയല്‍മുറ്റത്തേക്ക് പറന്നുവീഴും

ഒറ്റയ്ക്കിരിക്കുമ്പോള്‍
വീട്
യാത്രയൊരുങ്ങേണ്ട
തീയതി രേഖപ്പെടുത്തിയ
കറുത്ത കലണ്ടറാകും.

2 comments:

കെ.പി റഷീദ് said...

സത്യമായും,
നിന്റെ കവിതയുടെ വഴിയില്‍
തീയുണ്ട്‌.
ഉള്ളില്‍ കനല്‍ ഉണ്ടെന്നു
തോന്നിക്കുകയും
പറയുകയും ചെയ്യുന്ന
സമകാലത്തിന്റെ
കവിതകളില്‍ കണ്ടെത്താനാവാത്ത
തീവ്രത
നിന്റെ വാക്കുകളില്‍.

ഈ കവിതയെകുറിച്ച്‌
എന്തു പറയേണ്ടു ഞാന്‍!

അനൂപ് അമ്പലപ്പുഴ said...

പൂര്‍ണ്ണമായും വെളിപ്പെടുത്താനാവത്ത ഒരു നിഗൂഢത നിങ്ങളുടെ പല കവിതയിലും ദര്‍ശിക്കാനാവുന്നു