Friday, July 13, 2007

ഗ്രീറ്റിംഗ് കാര്‍ഡ്


പ്രസവത്തിനു ശേഷം
ഭ്രാന്തിയായ പെണ്‍കുട്ടി
അയച്ചുതന്ന കാര്‍ഡില്‍ കാണാം

ആകാശത്ത് ഞാന്നുകിടക്കുന്ന
വീട്
മാലിന്യങ്ങളാല്‍ തുന്നിച്ചേര്‍ത്ത
ഒരില

ഒരരികില്‍
തീവണ്ടിപ്പാതയിലേക്ക് ചാഞ്ഞു കിടക്കുന്ന
ചായമിടാതെ വരച്ച മരം
അവളുടെ അച്ചനാണെന്നേ തോന്നൂ

വേട്ടയ്ക്കിടയില്‍ കൂട്ടം തെറ്റിയ
പക്ഷിയുടെ ചുണ്ടുകള്‍
കൊത്തിത്തരുമായിരിക്കും
മരണത്തിന്റെ ഒരു
Silent profile

ആശുപത്രിയില്‍
കിടന്നിടത്തു തന്നെ കിടന്ന്
നിശ്ശബ്ദം അവളുറ്റു നോക്കുന്ന
പിറന്ന കുഞ്ഞിന്റെ മുഖം
അതില്‍ കാണുമായിരിക്കും

ഇതെല്ലാം ഒരു കവറിലിട്ട്
പോസ്റ്റ് ചെയ്യാന്‍
എന്ത് പ്രയാസപ്പെട്ടിരിക്കും.

ഞാനിതിനു മറുപടി അയക്കുമ്പോഴേക്കും
എനിക്കുവേണ്ടി ആരെങ്കിലും
ഇഷ്ടമില്ലാത്ത ഗ്രീറ്റിംഗ് കാര്‍ഡ് പോലെ

അവളെ കീറിക്കളയുമായിരിക്കും

2 comments:

കണ്ണൂരാന്‍ - KANNURAN said...

ബ്ലോഗ് ആദ്യമായി കാണുകയാ... ആശംസകള്‍

കരീം മാഷ്‌ said...

ആര്‍മ്മാദവും ആഘോഷങ്ങളും ഒഴിഞ്ഞ ബൂലോഗത്തേക്കു സ്വാഗതം.
യാദൃശ്ചികമായി കണ്ടതാണ്.
ഗ്രീറ്റിംഗ് കാര്‍ഡ് നന്നായി.